Friday, July 28, 2006

ഭാര്യമാര്‍ ചൊല്ലും മുതുനെല്ലിക്ക...

"പൊതുവേ ഈ ആഴ്ച അനുകൂലമല്ല. തിങ്കള്‍ മുതല്‍ വ്യാഴം വരെ വളരെയധികം ശ്രദ്ധിക്കുക. അപകടം, ശരീരക്ഷതം എന്നിവയുണ്ടാകാം. വെള്ളിയാഴ്ച സന്ധ്യമുതല്‍ പ്രതികൂലാനുഭവം കാണുന്നു. ധനനഷ്ടം, മനസ്സുഖമില്ലായ്മ, പ്രവര്‍ത്തന മാന്ദ്യം എന്നിവയ്ക്ക്‌ സാദ്ധ്യത. ശനിയാഴ്ച മുതല്‍ കാര്യങ്ങള്‍ അനുകൂലമായി കണ്ടുതുടങ്ങും." വാരഫലം കണ്ട ഉടനെ ലീവെടുത്ത്‌ വല്ല അമ്പലത്തിലും ഭജനമിരുന്നാലോ എന്ന് വരെ ആലോചിച്ചു. വിശ്വാസമൊന്നുമുണ്ടായിട്ടല്ല. എന്നാലും എന്തിനാ വെറുതെ റിസ്കെടുക്കുന്നത്‌. കഴിഞ്ഞ ആഴ്ച കൈനോക്കിയിട്ടൊരാള്‍ പറഞ്ഞത്‌ എനിക്കിപ്പോള്‍ വളരെ മോശം സമയമാണെന്നാണ്‌.

"അങ്ങിനെയാണെങ്കില്‍ നമുക്കെന്റെ വീട്ടില്‍ പോയി നില്‍ക്കാം. എത്ര നാളായി അവിടം വരെയൊന്ന് പോയിട്ട്‌" ഭാര്യ നനഞ്ഞിടം കുഴിക്കാന്‍ തുടങ്ങി. അവളുടെ ചെറിയ തലയില്‍ വലിയ കാര്യങ്ങള്‍ ചേക്കേറുന്നതിനേക്കാള്‍ അപകടം വാരഫലത്തില്‍ പറഞ്ഞിട്ടില്ലാത്തതു കൊണ്ട്‌, 'ഇതൊക്കെ വെറും അന്ധവിശ്വാസം' എന്ന് ഉറക്കെ പറഞ്ഞ്‌, 'ദൈവമേ ഒന്നും വരുത്തല്ലേ' എന്ന് മനസ്സില്‍ ഉരുവിട്ട്‌, എല്ലാം നേരിടാന്‍ തന്നെ തീരുമാനിച്ചു.

തിങ്കളും ചൊവ്വയും സംഭവരഹിതമായി കടന്ന് പോയി. വാരഫലത്തെ പറ്റി ഓര്‍മ്മിച്ചുകൂടിയില്ല.ബുധനാഴ്ച ഒരു ചെറിയ അപകടം പറ്റി. ബൈക്ക്‌ ഒന്ന് സ്കിഡ്‌ ചെയ്തു. കൈയ്യിലെയും കാലിലെയും തൊലി അല്‍പം പോയെന്നൊഴിച്ചാല്‍ ഒരപകടം എന്ന് പറയാന്‍ മാത്രമൊന്നുമില്ലായിരുന്നു.

'ഞാനപ്പഴേ പറഞ്ഞില്ലേ എന്റെ വീട്ടീപ്പോയി നില്‍ക്കാമെന്ന്' വാരഫലം തുറന്നു പിടിച്ച്‌ ഭാര്യ വീണ്ടും.

"ബൈക്കാകുമ്പോള്‍ ചിലപ്പോള്‍ സ്കിഡ്‌ ചെയ്യും, വീഴും. ഇതൊക്കെ സാധാരണമാണ്‌. ഇതാദ്യമായിട്ടൊന്നുമല്ലല്ലോ വീഴുന്നത്‌" ഞാനും വിട്ടുകൊടുത്തില്ല.

കൈയ്യിലും കാലിലും വച്ചുകെട്ടുമായി ഞാന്‍ പിറ്റേ ദിവസവും ഓഫീസിലെത്തി. പോകുന്ന വഴിക്ക്‌ അമ്പലത്തിലും കയറി. ഒന്ന് പ്രര്‍ത്ഥിക്കാമെന്ന് കരുതി. പേടിയൊന്നുമുണ്ടായിട്ടല്ല. പിറ്റേന്ന് മുതല്‍ പ്രതികൂലാനുഭവങ്ങളാണെന്നാണല്ലോ വാരഫലത്തില്‍.

വെള്ളിയാഴ്ച പതിവിലധികം തിരക്കുള്ള ദിവസമായിരുന്നു. മട്ടാഞ്ചേരിയിലുള്ള ഒരു ക്ലയന്റിനെ കണ്ടു മടങ്ങുമ്പോള്‍ സമയം ആറര മണി. ബൈപ്പാസ്‌ വഴി പോയാല്‍ എളുപ്പത്തില്‍ കൂടണയാം. ചെറിയ തോതില്‍ മഴയും ചാറുന്നുണ്ട്‌. വാരഫലത്തിനെ പറ്റി ഒരു മാത്ര ഓര്‍ക്കാതെയിരുന്നില്ല.

പാലാരിവട്ടം ബൈപ്പാസ്‌ ജംഗ്ഷനെത്തിയപ്പോഴേക്കും മഴ കുറഞ്ഞിരുന്നു. ചുവപ്പ്‌ സിഗ്നല്‍ കണ്ട്‌ ജംഗ്ഷനില്‍ തന്നെ വണ്ടി നിറുത്തി. എങ്ങിനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയായിരുന്നു. മീഡിയനില്‍ ഒരജാനുബാഹു നില്‍പ്പുണ്ടായിരുന്നു. ലിഫ്റ്റ്‌ ചോദിക്കാന്‍ നില്‍ക്കുകയാണെന്ന് കണ്ടാലറിയാം. ആളുടെ നില്‍പ്പത്ര ശരിയല്ല. ചെറുതായിട്ടാടുന്നുണ്ട്‌. കുടിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്റെ മുമ്പിലെ ബൈക്കുകാരനും എന്തോ പറഞ്ഞൊഴിഞ്ഞു. അടുത്തത്‌ ഞാനാണ്‌. ഒന്ന് പച്ച തെളിഞ്ഞെങ്കില്‍ അയാളെ ഒഴിവാക്കി വണ്ടിയെടുക്കാമായിരുന്നു എന്ന് ചിന്തിച്ചപ്പോഴേക്കും സിഗ്നല്‍ പച്ചയായി. 'ദൈവത്തിനു സ്തുതി' എന്ന് മനസ്സില്‍ പറഞ്ഞ്‌ വണ്ടിയെടുത്തതും, ആടിക്കുഴഞ്ഞ്‌ അയാള്‍ ഹാന്‌ഡിലില്‍ പിടിച്ചതും, ഞാനും ബൈക്കും അയാളും കെട്ടിമറഞ്ഞ്‌ വീണതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം എന്താണ്‌ സംഭവിച്ചത്‌ എന്ന് പിടികിട്ടിയില്ല. പിടികിട്ടി വന്നപ്പോഴേക്കും ഒരാള്‍ക്കൂട്ടം ഞങ്ങള്‍ക്കു ചുറ്റും നിരന്നു കഴിഞ്ഞിരുന്നു. സംഗതി വഷളാവുന്നതിനു മുമ്പ്‌ എങ്ങിനെയും തടിയൂരണം എന്ന് വിചാരിച്ചപ്പോഴേക്കും ദൈവദൂതനെപ്പോലെ ഒരു പോലീസുകാരന്‍ പ്രത്യക്ഷപ്പെട്ടു. കുടിയന്റെ കാല്‍ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. അയാള്‍ കുടിച്ചിട്ടുണ്ടായിരുന്നതിനാല്‍ എനിക്കനുകൂലമായി പോലീസുകാരന്‍ വിധിച്ചു, അടുത്തുള്ള നേഴ്സിംഗ്‌ ഹോമില്‍ പോയി അയാളുടെ മുറിവ്‌ ഡ്രസ്സ്‌ ചെയ്യണം എന്ന് ഉപാധിയോടെ. വാരഫലം ഫലിച്ചു തുടങ്ങിയോ എന്ന് ശങ്കതോന്നിത്തുടങ്ങിയിരുന്നു.

ആ കുരിശിനെയും പുറകിലിരുത്തി പാലാരിവട്ടത്തുള്ള ആശുപത്രി ലക്ഷ്യമാക്കി വണ്ടിവിട്ടു.

"സാറേ, സൂക്ഷിച്ചോടിക്കണേ" പുറകിലിരുന്ന് കുരിശിന്റെ ആജ്ഞ.

അവന്റെ അച്ഛനപ്പൂപ്പന്മാര്‍ക്കൊക്കെ സ്തുതി പറഞ്ഞ്‌ ഞാന്‍ വണ്ടിയുടെ സ്പീഡ്‌ ഒന്നുകൂടെ കൂട്ടി. വര്‍ക്കീസ്‌ സൂപ്പര്‍ മാര്‍ക്കേറ്റെത്തുന്നതിനുമുമ്പ്‌ ആരൊ വണ്ടിക്ക്‌ കൈകാണിച്ചു. അടുത്ത്‌ വന്നപ്പോള്‍ മനസ്സിലായി പോലീസാണെന്ന്. മാസാവസാനമായതുകൊണ്ട്‌ മദ്യപിച്ച്‌ വണ്ടിയോടിക്കുന്നവരെ പിടിക്കാന്‍ നില്‍ക്കുകയാണ്‌. ജീപ്പും എസ്‌.ഐയും ഊതാനുള്ള ബലൂണ്‍ മുതലായവയെല്ലാമുണ്ട്‌. എസ്‌.ഐയെ കാര്യം ഗ്രഹിപ്പിക്കാമെന്ന് വിചാരിച്ച്‌ അടുത്ത്‌ ചെന്നപ്പോള്‍ കുരിശും പുറകെ കൂടി.

"എന്തായാലും വന്നതല്ലേ, ഒന്നൂതിയിട്ട്‌ പോയാമതി" ഏമാന്റെ കല്‍പന. കുരിശിന്റെ ആടിയാടിയുള്ള നില്‍പുംകൂടി കണ്ടപ്പോള്‍ ഏമാന്‌ ശുണ്ടി കൂടി.

"അയാളു കഴിച്ചിട്ടില്ല, സാറെ. എന്നെ ഇടിച്ചിട്ട്‌ ആശുപത്രിയില്‍ കൊണ്ടുപോണവഴിയാ. ദേ കണ്ടോ സാറെ" പൊട്ടിയ കാലും കാണിച്ച്‌ കുരിശിന്റെ ശുപാര്‍ശ.

"ഭാ.. നാവടക്കെടാ, പന്ന******. രണ്ടിനെയും 'ശരിക്ക്'‌ പരിശോധിച്ചിട്ട്‌ വിട്ടാ മതി" ഏമാന്‍ കോപിഷ്ടനായി.

"അങ്ങോട്ട്‌ മാറി നില്ലെടാ" സഹപോലീസുകാര്‍ ഉഷാറായി.

ഇനിയെന്തെങ്കിലും പറഞ്ഞാല്‍ ദേഹോപദ്രവമുണ്ടാവുമോ എന്ന ആശങ്കയിലായി ഞാന്‍. അതുകൊണ്ട്‍ വിനയാന്വിതനായി മാറി നിന്നു. എന്റെ അരികില്‍ കുരിശും. ‘ലേറ്റാകും‘ എന്ന് വീട്ടിലേക്ക്‌ വിളിച്ചു പറയാം എന്ന് വിചാരിച്ച്‌ മൊബൈയില്‍ ഫോണ്‍ എടുത്തു.

"അതിങ്ങ്‌ തന്നേക്കൂ" സൌമ്യമായ ഒരു സ്വരം ചെവിയുടെ അരികില്‍. കോണ്‍സ്റ്റബിള്‍ ഏമാനാണ്‌.


"രാഷ്ടീയക്കാരെയൊക്കെ നമുക്ക്‌ പിന്നെ വിളിക്കാടാ' മൊബെയില്‍ ഫോണ്‍ ഓഫ്‌ ചെയ്തു കൈവശപ്പെടുത്തിക്കൊണ്ട്‌ ആ ദുഷ്ടന്‍ മൊഴിഞ്ഞു.

സമയം എട്ടേമുക്കാലായി. ഇതുവരെ എന്നെക്കൊണ്ട്‌ ഊതിപ്പിച്ചില്ല. കുരിശാണെങ്കില്‍ പോസ്റ്റും ചാരിയിരുന്ന് ഉറങ്ങാനും തുടങ്ങി. കോണ്‍സ്റ്റബിളിന്റെ കാലുപിടിച്ചു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഇതിനിടയില്‍ അഞ്ച്‌ മദ്യപരെക്കൂടി പൊക്കിയിട്ടുണ്ടായിരുന്നു. രാത്രിയായത്‌ നന്നായി. ആരും കാണില്ലല്ലോ. വീട്ടിലൊറ്റക്കിരുന്ന് ടെന്‍ഷനടിക്കുന്ന ഭാര്യയും കൊച്ചും ഇടയ്ക്കിടെ മനസ്സില്‍ വന്ന്‌പോയിക്കൊണ്ടിരുന്നു. ഒമ്പതര മണി കഴിഞ്ഞപ്പോള്‍ എല്ലാവരെയും ജീപ്പില്‍ കയറ്റി. ജനറല്‍ ആശുപത്രിയിലെത്തിച്ചു. രക്തപരിശോധന നടത്തി. എന്റെ സാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ല എന്ന് ഡോക്ടര്‍. സമയം പതിനൊന്നര മണിയായിരുന്നു. ഇനി പോകാമല്ലോ എന്ന് ആശ്വസിച്ച്‌ എസ്‌.ഐ ഏമാന്റെ അടുത്തെത്തി.

"എന്തായാലും വന്നതല്ലേ, ഇതു‌ കൂടി കൊണ്ടുപോയ്ക്കൊള്ളൂ" എസ്‌.ഐ ഏമാന്‍ ഒരു കുറിപ്പെടുത്ത്‌ നീട്ടി. കോടതിയില്‍ ഹാജരാവേണ്ട നോട്ടീസാണ്‍.ഓവര്‍സ്പീഡിനാണ്‌ ദുഷ്ടന്‍ ചാര്‍ജ്ജ്‌ ചെയ്തിരിക്കുന്നത്‌. മൊബെയില്‍ ഫോണ്‍ കിട്ടിയ ഉടനെതന്നെ വീട്ടിലേക്ക്‌ വിളിച്ചു. അമ്മായപ്പനാണ്‌ ഫോണെടുത്തത്‌. ഭാര്യ വിളിച്ചു വരുത്തിയതാണ്‌ രണ്ടുപേരെയും.

‘ഇനി വിളിക്കാനായിട്ട്‌ ആശുപത്രികളൊന്നും ബാക്കിയുണ്ടായിരുന്നില്ല,‘അമ്മായിയപ്പന്‍ പറഞ്ഞു.

ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി, ഒരു ലീവെഴുതിക്കൊടുത്ത്‌ പിറ്റേന്ന് തന്നെ ഭാര്യാഗൃഹത്തിലേക്ക്‌ യാത്രയായി. ഞായറാഴ്ച രാവിലെ പത്രവുമായി വരുന്ന ഭാര്യയെ കണികണ്ടാണ്‌ ഉണര്‍ന്നത്‌. അവളുടെ മുഖത്ത്‌ ലോട്ടറി അടിച്ചപോലത്തെ സന്തോഷം.

"ഈ ആഴ്ചയും മോശമാണെന്നാ വാരഫലത്തില്‍. നമുക്ക്‌ അടുത്ത ആഴ്ചത്തെ വാരഫലവും വായിച്ചിട്ട്‌ പോയാമതി"

14 Comments:

Blogger sahayaathrikan said...

വല്ലപ്പോഴുമെങ്കിലും ഭാര്യമാര്‍ പറഞ്ഞത് കേട്ടില്ലെങ്കില്‍ ഇങ്ങനെയിരിക്കും

July 28, 2006 3:03 AM  
Blogger ശ്രീജിത്ത്‌ കെ said...

കിടിലന്‍ പോസ്റ്റ്, സഹയാത്രികാ, കലക്കി. ചിരിച്ച് ചിരിച്ച് ഊപ്പാട് കലങ്ങി.

July 28, 2006 3:07 AM  
Blogger sahayaathrikan said...

ഇത്രപെട്ടെന്ന് വായിച്ചോ, ശ്രീജിത്തേ?????

July 28, 2006 3:10 AM  
Blogger ശ്രീജിത്ത്‌ കെ said...

ഇതൊക്കെ വച്ചോണ്ടിരിക്കാന്‍ പറ്റുമോ, കയ്യോടെ തന്നെ വായിച്ചില്ലേ. എന്നാ വെടിക്കെട്ട് പോസ്റ്റ്.

ഓ.ടോ: ബ്ലോഗ് സെന്റ് അഡ്ഡ്രെസ്സ് പിന്മൊഴികള്‍ എന്ന് കൊടുത്തിട്ടുണ്ടല്ലോ, പിന്നെ ആദ്യം കമന്റിടുകയും വേണോ?

July 28, 2006 3:13 AM  
Blogger അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റ്!!
സഹയാത്രികനാണല്ലോ ബൂലോഗത്തിലെ ഏറ്റവും പുതിയ പുലി!! നന്നായി രസിച്ചു :-)

July 28, 2006 3:16 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

വാരഫലത്തില്‍ വിശ്വാസമുണ്ടോ...??? ഉണ്ടെന്നു തോന്നുന്നു.....എന്നാല്‍ എനിക്ക്‌ ഇല്ല.... സ്വന്തം ഭാവിപോലും പ്രവചിക്കാന്‍ പറ്റുന്നില്ലല്ലോ ഈ വാരഫലക്കാര്‍ക്ക്‌.....ഇതെല്ലാം വയറ്റിപിഴപ്പല്ലേ...... ചേട്ടാ....

July 28, 2006 3:20 AM  
Blogger ഇടിവാള്‍ said...

കൊള്ളാം ഗെഡീ !
ഏതു ചട്ടുകാല്‍ രാധാകൃഷ്ണന്‍ പ്രവചിച്ചാലും, വരാനുള്ളതു വഴീല്‍ തങ്ങുമോ ?
നന്നായി എഴുതീട്ടുണ്ട്‌ ട്ടാ !

July 28, 2006 3:28 AM  
Blogger മുല്ലപ്പൂ || Mullappoo said...

“ചേട്ടാ വാരഫലം കണ്ടോ..?”
“ചേട്ടനു ധന നഷ്ടം”
“നിന്റെയോ”
“എനിക്കു ധനലാഭം”
“ചുരുക്കി പറഞ്ഞാല്‍ ഈ അഴ്ച്ക മുഴുവന്‍ നീ എന്റെ പോക്കറ്റില്‍ നിന്നു കാശ് അടിച്ചു മാറ്റും”
(എന്റെ വീട്ടില്‍ കേട്ടതല്ലാ ട്ടോ ..;) )

July 28, 2006 3:30 AM  
Blogger വക്കാരിമഷ്‌ടാ said...

കൊള്ളാം. അങ്ങിനെ വാരഫലം വാര്‍ ഫലം ആയല്ലേ.

ബ്രെത്ത് അനലൈസര്‍ പരിപാടികളൊന്നുമില്ലല്ലേ യേമാന്മാരുടെ കൈയ്യില്‍.

July 28, 2006 4:16 AM  
Blogger sahayaathrikan said...

ശ്രീജിത്ത്:കയ്യോടെ തന്നെ ബ്ലൊഗ് സെന്റ് അഡ്രസ്സ് മാറ്റിയിട്ടുണ്ട്.
അരവിന്ദാ, നന്ദി.
ബിജോയ്: വാരഫലം നല്ലതോ ചീത്തയോ? ഈ അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ.
ഇഡിവാളേ: കഴിഞ്ഞ് പ്രാവശ്യം എഴുതാന്‍ വിട്ട് പോയി. ആലുവപ്പാലത്തിനടുത്താണ്‍ വീട്.
മുല്ലപ്പൂ : വാരഫലത്തില്‍ ധനലാഭം എന്ന് വായിക്കുമ്പോള്‍ എല്ലാവര്‍ക്കും അതില്‍‍ പരിപൂര്‍ണ്ണ വിശ്വാസമാണ്‍. ധനനഷ്ടം എന്നാണെങ്കിലോ, ഇതിലും വലിയ അന്ധവിശ്വാസം വേറെയില്ല എന്നും പറയും.
വക്കാരിമഷ്ടാ: അതല്ലേ ഊതണ ബലൂണ്‍. മാസാവസാനമായാല്‍ ഊതിയാലും ഇല്ലെങ്കിലും ഒരു ചാര്‍ജ്ജ് ഉറപ്പാണേ!!!

July 28, 2006 4:57 AM  
Anonymous Anonymous said...

ഹഹഹ...ഇതു കലകലക്കി! അങ്ങിനെ പറഞ്ഞ് കൊടുക്കൂ സഹയാത്രികാ‍..പെണ്ണുങ്ങള്‍ ചൊല്ലും മുതുനെല്ലിക്കാന്ന്..

July 28, 2006 11:41 AM  
Blogger Adithyan said...

"ഈ ആഴ്ചയും മോശമാണെന്നാ വാരഫലത്തില്‍. നമുക്ക്‌ അടുത്ത ആഴ്ചത്തെ വാരഫലവും വായിച്ചിട്ട്‌ പോയാമതി"


അതുഗ്രന്‍..

മൊത്തം സംഭവം കൊള്ളാം :)

July 28, 2006 2:41 PM  
Anonymous Anonymous said...

Here are some links that I believe will be interested

July 30, 2006 9:34 PM  
Anonymous Anonymous said...

Here are some links that I believe will be interested

August 08, 2006 8:49 PM  

Post a Comment

Links to this post:

Create a Link

<< Home