Tuesday, August 08, 2006

സഹായഹസ്തങ്ങള്‍

എ.ടി.എമ്മീന്ന് പൈസയെടുത്തിറങ്ങുമ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. കുടയെടുക്കാന്‍ മറന്നതിന്‍ സ്വയം ശപിച്ച് മഴ കഴിയാന്‍ കാ‍ത്തുനിന്നു. അടുത്ത ആഴ്ച സ്കൂള്‍ തുറക്കുകയാണ്‍. കുട്ടികള്‍ക്ക് ബാഗും കുടയും വാങ്ങിച്ചിട്ടില്ല. ഇത്തവണയെങ്കിലും പുതിയ യൂണിഫോം വേണമെന്ന വാശിയിലാണ്‍ രണ്ടുപേരും. മോന്റെ പാന്റിന്റെ ഇറക്കം കുറഞ്ഞ് ബര്‍മൂഡയായി എന്നാണ്‍ പരാതി. ഹൌസിംഗ് ലോണിന്റെ EMI അടക്കേണ്ട സമയമായി. വണ്ടിയുടെ ഇന്‍സ്റ്റാള്‍മെന്റ് ഇത്തവണ മുടങ്ങിയതു തന്നെ. ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റെത്തിയിട്ട് മാസം രണ്ടായി. ഇത്തവണയും മിനിമം ഡ്യൂ അടച്ച് രക്ഷപ്പെടാം. വീടുതാമസത്തിനെടുത്ത പേഴ്സണല്‍ ലോണാണ്‍ കീറാമുട്ടിയായി കിടക്കുന്നത്. പലിശയെത്രയാ അത് തിന്നുതീര്‍ക്കുന്നത്. ഈ മാസമൊന്ന് വട്ടമെത്തിക്കുന്നതെങ്ങിനെയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

‘സാറേ, എന്താ മുഖത്തൊരു വിഷമം?’ പാന്റും ഷര്‍ട്ടുമിട്ട് സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്‍ മുമ്പില്‍. ‘ഇവനാരെടാ’ എന്ന മട്ടില്‍ ഞാനൊന്നു നോക്കി. ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ മുഖം. നന്മയുടെ പ്രകാശം ചൊരിയുന്ന കണ്ണുകള്‍. ആ മുഖത്തെന്തൊരു ശാന്തിയും സമാധാനവുമാണ്‍. വല്ലാത്തൊരു വശീകരണ ശക്തിയുണ്ടാ നോട്ടത്തിന്‍.

‘ഒന്നുമില്ല. ആരാ മനസ്സിലായില്ലല്ലോ’

‘സാറിന്റെ മനസ്സിലെന്താണെന്ന് ഞാന്‍ പറയട്ടെ’

ഞാന്‍ ചുറ്റും നോക്കി. ഒളിച്ചുവച്ച ക്യാമറയുമായി വല്ല ‘തരികിട’യുമാണോ എന്നറിയില്ലല്ലോ.

‘ഈ മാസമെങ്ങിനെ തള്ളിനീക്കും എന്നല്ലെ സാറീനിമിഷം ആലോചിച്ചത്’

എന്റെ കണ്ണുതള്ളിപ്പോയി.

‘ഹതേ!! എങ്ങിനെയറിഞ്ഞൂ?’

‘കഷ്ടപ്പെടുന്നവരെ തിരിച്ചറിയുകയാണല്ലോ എന്റെ ധര്‍മ്മം. മുങ്ങിത്താഴുന്നവനെ കൈപിടിച്ചുകയറ്റുക എന്ന നിയോഗമാണ്‍ ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്’

‘ദൈവമേ, പണ്ട് കാവിയുടുത്തവരെല്ലാം ഇപ്പോള്‍ പാന്റും ഷര്‍ട്ടുമിട്ട് എക്സിക്യുട്ടീവായോ’ എന്ന് ഒരു നിമിഷം ചിന്തിച്ചു.

‘ഇനിമുതല്‍ സാറൊറ്റക്കല്ല എന്ന് ധൈര്യമായി വിചാരിച്ചോളൂ. ഏത് പ്രതിസന്ധിയും നമുക്കൊരുമിച്ച് നേരിടാം. ഇതാ ഇവിടെ ഒന്നൊപ്പിടുക മാത്രം മതി’

വലിയൊരു ഫോമിലെ കുനുകുനാ അച്ചടിച്ചിരിക്കുന്ന ചെറിയ അക്ഷരങ്ങളില് നിന്ന് personal loan എന്ന് തപ്പിയെടുക്കാന്‍ എന്റെ കണ്ണുകള്‍ക്ക് പ്രയാസമുണ്ടായില്ല.

കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ ഞാനിറങ്ങിയോടി.

8 Comments:

Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ലോണ്‍ മേടിക്കുന്നത്‌ കടം മേടിക്കുന്നതുപോലല്ലോ എന്നാണ്‌ ഒരു പൊതുവിചാരം. ഹൌസ്സ്‌ ലോണ്‍, കാര്‍ ലോണ്‍,പേര്‍സണല്‍ ലോണ്‍ ഇതിന്റെയൊക്കെ interest അടയ്ക്കാന്‍ ഒരു ലോണ്‍ ലോണ്‍ തന്നെ എടുക്കേണ്ട ഗതികേടാണിപ്പോള്‍.

സരസമായ വിവരണം. കലക്കി..!!!

August 08, 2006 5:29 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

അസ്സലായി.

August 08, 2006 5:30 AM  
Blogger സു | Su said...

ഓടിയത് നന്നായി. വീടെത്തുമല്ലോ. ഒപ്പിട്ടിരുന്നെങ്കില്‍ എവിടെയോ എത്തിയേനെ.

നന്നായി :)

August 08, 2006 5:48 AM  
Blogger കുറുമാന്‍ said...

കഥ നന്നായി. ഓട്യേത് അതിലും നന്നായി.

എ പേഴ്സണ്‍ വിതൌട്ട് എ ലോണ്‍ ഈസ് എലാണ്‍ എന്നാണ് യു ഏ യിയിലെ സിദ്ദാന്തം എന്ന് ഞാന്‍ എല്ലാവരോടും പറയാറുണ്ട്. പണ്ട് ഒരു റമ്മി സെറ്റ് കളിക്കേണ്ട അത്രെം എണ്ണം കാര്‍ഡുകളായിരുന്നു കയ്യില്‍. ഹാവൂ, ഇപ്പോ ഒക്കെ ഒന്നൊതുക്കി.

August 08, 2006 6:10 AM  
Blogger ദില്‍ബാസുരന്‍ said...

ഹ ഹ ഇത് കലക്കി.

കുറുമാനേ..ഐ മീന്‍ ഷോര്‍ട്ട് ഡീര്‍..എന്റെ പരിചയത്തിലുള്ള ഒരു പുള്ളിക്ക് ഇത് പോലെ റമ്മി കളിക്കാനുള്ളത്ര കാര്‍ഡുകളുണ്ട്. ലോണ്‍ എടുക്കുക എന്നത് സാമൂഹ്യ സേവനമാണത്രേ. ബാങ്കുകള്‍ക്കും ജീവിക്കണ്ടേ എന്ന് ന്യായം.

August 08, 2006 6:25 AM  
Blogger വക്കാരിമഷ്‌ടാ said...

ഹ..ഹ അതുകൊള്ളാം. ആദ്യത്തെ ആ ഖണ്ഡികയില്‍ നിന്നും ഒരു പുതുമലയാളിയുടെ സമകാലിക ജീവിതപ്രശ്‌നം നല്ലപോലെ മനസ്സിലാക്കാന്‍ സാധിക്കുന്നു. വായിച്ചിട്ട് പേടിയാകുന്നു. നാട്ടിലേക്ക് ചെന്നാല്‍ ഇതായിരിക്കുമോ അവസ്ഥ?

കുറുമന്റെ ഫിലോമിനാ സോഫി ഉഗ്രന്‍. എന്റെ കൈയ്യിലും കുറെ കാര്‍ഡുണ്ട്. എല്ലാം പോയിന്റ് കാര്‍ഡുകളാണെന്നേ ഉള്ളൂ. ഒരു കൊല്ലം മുഴുവന്‍ ഇഞ്ചീം മുളകും തക്കാളിയും വാങ്ങിച്ചാല്‍ ഒരഞ്ഞൂറോ ആയിരമോ യെന്‍ കിട്ടും. ചുമ്മാതല്ലല്ലോ, ഓസിനല്ലേ.

August 08, 2006 7:16 AM  
Blogger സഞ്ചാരി said...

ലോണപ്പാ ഇത് എനിക്കുവേണ്ടപ്പാ എന്നു പറഞ്ഞിട്ടു ഓടാമായിരുന്നു.

August 08, 2006 12:30 PM  
Blogger Adithyan said...

നന്നായി എഴുതിയിരിക്കുന്നു. :)

August 08, 2006 12:37 PM  

Post a Comment

Links to this post:

Create a Link

<< Home