Monday, August 21, 2006

മൂലക്കുരുവിനൊരു കോഴി ചികിത്സ

പണ്ട്‌ പുറത്തുപറയാന്‍ നാണക്കേടുള്ള അസുഖമായിരുന്നു Piles അഥവാ മൂലക്കുരു. ഇന്ന് ഇത്‌ സാര്‍വ്വത്രികമായിരിക്കുന്നു. ഇത്‌ അനുഭവിച്ചവര്‍ക്കറിയാം അതിന്റെ വിഷമതകള്‍. എന്റെ പയില്‍സ്‌കാല അനുഭവം നിങ്ങളുമായി പങ്കുവച്ചുകൊള്ളട്ടെ.

ഏകദേശം രണ്ടുവര്‍ഷം മുമ്പു നടന്ന സംഭവമാണ്‌. കമ്പ്യൂട്ടറിനുമുമ്പില്‍ എകദേശം 6 മണിക്കൂറെങ്കിലും ചിലവിടേണ്ടി വരുന്ന ജോലിയാണ്‌ എന്റേത്‌. രാവിലെ സീറ്റിലിരുന്നാല്‍ എഴുന്നേല്‍ക്കുന്നത്‌ ഉച്ചക്കൂണ്‌ കഴിക്കാന്‍ മാത്രമായിരുന്നു. ഇങ്ങനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തപ്പോഴേക്കും വിട്ടുമാറാത്ത നടുവേദന, ചുമല്‌വേദന തുടങ്ങിയ കമ്പ്യൂട്ടര്‍ വേദനകള്‍ എനിക്ക്‌ കൂട്ടിരിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെയുള്ള ഉഴിച്ചില്‍ പിഴിച്ചില്‍ കൊണ്ട്‌ ഒരുപരിധി വരെ ഇവയ്ക്ക്‌ തടയിടുവാന്‍ സാധിച്ചിരുന്നു. അങ്ങിനെ ഒരുവിധം ജീവിതം തള്ളിനീക്കുമ്പോഴാണ്‌ പയില്‌സ്‌ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഈ വമ്പന്റെ വരവ്‌.

പിന്നത്തെക്കാര്യം പറയണോ? സീറ്റില്‍ നിന്നെഴുന്നേല്‍ക്കാതിരുന്ന ഞാന്‍ രാവിലെ മുതല്‍ കാണുന്നവരെയൊക്കെ എഴുന്നേറ്റുനിന്നാദരിച്ചു തുടങ്ങി. അവരിരുന്നാലും ബഹുമാനപൂര്‍വ്വം ഞാന്‍ നില്‍ക്കുകതന്നെയായിരിക്കും. ഇരിക്കുവാനുള്ള ക്ഷണങ്ങള്‍ എന്റെ പേടിസ്വപ്നമായി മാറി. കസേരകളെ ഞാന്‍ വെറുത്തു. ഒരു സിനിമകാണാനോ, എന്തിന്‌ ഒന്നു നേരംവണ്ണം ഇരുന്ന് ഭക്ഷണം കഴിക്കാനോ സാധിക്കാതായി. എന്റെ പ്രിയപ്പെട്ട കോഴിക്കറി ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ബൈക്കില്‍ സൈഡുതിരിഞ്ഞിരുന്ന് ഓടിക്കാന്‍ ഒരു ഡ്രൈവിംഗ്‌ സ്കൂളിന്റെയും സഹായമില്ലാതെ ഞാന്‍ സ്വയം പരിശീലിച്ചു. എന്തിനേറെ പറയുന്നു, എന്റെ ആത്മവിശ്വാസം നഷ്ടമാവുന്ന അവസ്ഥയിലേക്ക്‌ ഞാന്‍ വളരെ വേഗം നീങ്ങിക്കൊണ്ടിരുന്നു. മറ്റുള്ളവരെ നേരിടാന്‍ തന്നെ എനിക്ക്‌ മടിയായി. കോണ്‍ഫറന്‍സുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ മുറയ്ക്ക്‌ കഴിക്കുന്നുണ്ടായിരുന്നു. കഷായവും ലേഹ്യവുമെല്ലാം എന്റെ ഓഫീസ്‌ മുറിയില്‍പോലും സ്ഥാനം പിടിച്ചു. മരുന്നുകള്‍ കുത്തിനിറച്ച എന്റെ ബാഗ്‌ ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റേതുപോലെ തോന്നിച്ചു.

ഇതിനിടയിലാണ്‌ എന്റെ ഒരു സുഹൃത്തിന്റെ സഹോദരന്‍ നടുവേദനയ്ക്കായി 'തിടനാട്‌' എന്ന സ്ഥലത്ത്‌ ഒരു തിരുമ്മല്‍ വിദഗ്ദ്ധന്റെ സഹായം തേടിയത്‌. നടുവേദന കൂടിക്കുടി ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഈ കഥാപാത്രം. കഷ്ടിച്ച്‌ രണ്ടാഴ്ചകൊണ്ട്‌ ഇഷ്ടന്റെ നടുവേദന പമ്പകടന്നു എന്ന് മാത്രമല്ല, നടുവേദന കാരണം ഗ്രീസിട്ട്‌ കയറ്റിവച്ചിരുന്ന ബൈക്കില്‍ ആശാന്‍ ഒരു ടീനേജുകാരനെപ്പോലെ ചെത്തി നടക്കാനും തുടങ്ങി. സുഹൃത്തിനോട്‌ ഈ ചികില്‍സയെപറ്റി സംസാരിക്കുന്നതിനിടയിലാണ്‌ അവന്‍ പറഞ്ഞത്‌ പയില്‍സിനും അവിടെ 'വിശേഷപ്പെട്ട' ഒരു ചികില്‍സയുണ്ടെന്ന്.

നാടന്‍ കോഴിയും ബ്രാന്‍ഡിയുമാണ്‌ ഈ ചികില്‍സയുടെ മരുന്നുകൂട്ട്‌. ആണുങ്ങള്‍ക്ക്‌ പിടക്കോഴി, പെണ്ണുങ്ങള്‍ക്ക്‌ പൂവന്‍ കോഴിയുമാണ്‌ മരുന്നിനുപയോഗിക്കുക. ഒരു പ്രാവശ്യം മരുന്നുപയോഗിച്ചാല്‍ മതിയാകും. എനിക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടും മൂലക്കുരുവിന്‌ വിരോധമുള്ള കാര്യങ്ങള്‍. ഇത്‌ രണ്ടും അകത്തുചെന്നാല്‍ പിന്നെ 'ഇരിക്കുക' എന്നത്‌ വിദൂരമായ സ്വപ്നമായിത്തിരും. അതുകൊണ്ട്‌ തല്‍ക്കാലം സൈഡുതിരിഞ്ഞുള്ള വണ്ടിയോട്ടത്തില്‍ സംതൃപ്തനാവാന്‍ ഞാന്‍ തീരുമാനിച്ചു.

ആഴ്ച ഒന്നുരണ്ടെണ്ണം പിന്നെയും കഴിഞ്ഞു. ഒരു ദിവസം എനിക്ക്‌ ബ്ലീഡിംഗ്‌ തുടങ്ങി. അതോടുകൂടി എന്റെ നരക യാതനയും ആരംഭിച്ചു. വേദനയും വിമ്മിഷ്ടവും സഹിച്ച നാളുകള്‍. ഓഫീസില്‍ നിന്ന് കൂട്ട അവധി. ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങിനെയിരുക്കുമ്പോഴാണ്‌ കോഴിചികില്‍സയെപറ്റി വീണ്ടും ഓര്‍ക്കുന്നത്‌. വരുന്നത്‌ വരട്ടേ എന്ന് വിചാരിച്ച്‌ സുഹൃത്തിനെയും കൂട്ടി 'തിടനാട്‌' ലക്ഷ്യമാക്കി യാത്ര തിരിച്ചു.

എറണാകുളത്ത്‌ നിന്ന് പാലായിലേക്കായിരുന്നു ആദ്യ ഘട്ടം. മാണിസ്സാറിന്റെ നാട്‌ ആദ്യമായി കാണുകയായിരുന്നു. 'റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര' എന്ന് പറയാന്‍ തോന്നി. റബ്ബര്‍തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള വളവുംതിരിവുമുള്ള റോഡുകള്‍. പാലായില്‍ നിന്ന് ഞങ്ങള്‍ ബ്രാന്‍ഡിയും നാടന്‍ കോഴിയും സംഭരിച്ചു. സുഹൃത്തിനടിക്കാനുള്ളത്‌ വേറെയും. ഈരാട്ടുപേട്ടയായിരുന്നു അടുത്ത ലക്ഷ്യം. ഈരാറ്റുപേട്ടയില്‍ നിന്ന് കാഞ്ഞിരപ്പിള്ളി റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ തിടനാടായി. ഏകദേശം ഒമ്പതര മണിയായി തിടനാടെത്തിയപ്പോള്‍. അവിടെയുള്ള ഗവണ്‍മന്റ്‌ സ്ക്കൂളിനെതിര്‍വശത്താണ്‌ ഈ നാടന്‍ ചികില്‍സാലയം.

വൈദ്യശാല എന്ന ബോര്‍ഡ്‌ പ്രതീക്ഷിച്ച്‌ ഞാന്‍ നോക്കിയപ്പോള്‍ 'റബ്ബര്‍ വ്യാപാരം' എന്നാണ്‌ കണ്ടത്‌. 'ഇതുതന്നെ സ്ഥലം' എന്ന് സുഹൃത്തിന്റെ ഉറപ്പില്‍ ഞാന്‍ വണ്ടി സൈഡിലൊതുക്കി. ഒട്ടനവധി ആളുകള്‍ ആ കടയ്ക്കുമുമ്പില്‍ നില്‍പുണ്ടായിരുന്നു. പലരും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍. നടുവേദന കാരണം ചിലരെ കസേരയില്‍ ഇരുത്തിയാണ്‌ കൊണ്ടുവന്നിരുന്നത്‌. തിരക്കിനിടയിലൂടെ ഞാന്‍ കടയ്ക്കകത്ത്‌ കയറി. ഒരു വൈദ്യരെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങള്‍ക്ക്‌ വിപരീതമായി തടിച്ച്‌ അജാനുബാഹുവായ ഒരാളാണ്‌ ചികില്‍സിക്കുന്നത്‌. ഒരറുപത്‌ വയസ്സ്‌ വരും. ജോര്‍ജ്ജുകുട്ടി എന്നാണ്‌ പേര്‌. ആള്‍ മഹാ ചൂടനാണ്‌. ചില രോഗികളെ ചീത്ത പറയുന്നുണ്ട്‌. വളരെ പരുക്കന്‍ പെരുമാറ്റം. തിരിച്ചുപോയാലോ എന്ന് ഒരുവട്ടം ആലോചിച്ചു.

'എന്താ, എന്തുവേണം?' എന്നോടാണ്‌ ചോദ്യം.

'ഇവിടെ പയില്‍സിന്‌ ചികില്‍സയുണ്ടെന്ന് കേട്ട്‌ വന്നതാണ്‌' ഞാന്‍ വിനീതനായി.

'പയില്‍സിനിവിടെ ചികില്‍സയൊന്നുമില്ല' ഒരുനിമിഷം ഞാനന്തംവിട്ടുപോയി. വന്നത്‌ വെറുതെയായോ എന്ന് ശങ്കിച്ചു.

'നേരെ വീട്ടിലേക്ക്‌ പൊയ്ക്കോ. ഞാനവിടെ വരാം' ജോര്‍ജ്ജുകുട്ടിയുടെ കല്‍പന.

എനിക്കൊന്നും മനസ്സിലായില്ല.

'പുള്ളിക്കാരന്റെ വീട്ടിലാണ്‌ ചികില്‍സ എന്നാണ്‌ ഉദ്ദേശിച്ചത്‌' സുഹൃത്ത്‌ എന്റെ ചെവിയില്‍ പറഞ്ഞു.

'രാവിലെ ഒന്നും കഴിച്ചില്ല. ചികില്‍സക്കുമുമ്പ്‌ ചായകുടിക്കുന്നതില്‍ വിരോധമുണ്ടൊ' ഞാന്‍ ചോദിച്ചു.

'ആര്‍ക്കു വിരോധം? നിങ്ങള്‍ പോയി ഇഷ്ടമുള്ളത്‌ കഴിച്ചിട്ട്‌ വന്നോളൂ. കോഴിയോ, ബീഫോ എന്താന്നുവച്ചാ കഴിച്ചോളൂ' എനിക്കെന്റെ കാതുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല.

കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ്‌ സുഹൃത്ത്‌ എന്നെ പിടിച്ച്‌ വലിച്ച്‌ പുറത്തേക്ക്‌ കൊണ്ടുവന്നു. 'ഒരു ചായ കഴിച്ചിട്ടാവാം ബാക്കികാര്യം' എന്ന് കരുതി അടുത്ത ഹോട്ടലിലേക്ക്‌ ഞങ്ങള്‍ നടന്നു. ചിക്കന്‍ കറി, ചിക്കന്‍ റൊസ്റ്റ്‌, ചിക്കന്‍ ഫ്രൈ എന്നീ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ ബോര്‍ഡില്‍ വായിച്ചപ്പോള്‍ നാവില്‍ വെള്ളമൂറി. പക്ഷേ ഒന്നും ഓര്‍ഡര്‍ ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. ചായ കുടി പുട്ടിലും പയറിലുമൊതുക്കി.

തൊട്ടടുത്ത്‌ തന്നെയാണ്‌ വൈദ്യരുടെ വീട്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുറെ ഓട്ടൊറിക്ഷക്കാര്‍ നാടന്‍ കോഴിയെ സപ്ലൈ ചെയ്യുന്നത്‌ കണ്ടു.

'കോഴിയും മറ്റേതും കൊണ്ടുവന്നിട്ടുണ്ടോ?' ഞങ്ങളെ കണ്ട ഉടനെ ഒരാള്‍ ചോദിച്ചു. ഞാന്‍ വേഗം കാറിന്റെ ഡിക്കി തുറന്ന് അതുരണ്ടും അയാള്‍ക്ക്‌ കൊടുത്തു. ഉടനെ തന്നെ അതുമായി അയാള്‍ അകത്തേക്ക്‌ പോയി.

അരമണിക്കൂര്‍ പിന്നെയും കഴിഞ്ഞു. ഇതിനകം പാലാക്കാട്‌ നിന്നുള്ള എഞ്ചിനീയറെ പരിചയപ്പെട്ടു. മൂപ്പര്‍ രണ്ടാം തവണയാണ്‌ ഇവിടെ വരുന്നത്‌. ഒന്നര വര്‍ഷം മുമ്പാണ്‌ ആദ്യം ചികില്‍സിച്ചത്‌. അതുകൊണ്ട്‌ പയില്‍സ്‌ നിശ്ശേഷം മാറി. പിന്നീട്‌ പഥ്യം തെറ്റിച്ചുവത്രേ. ഇപ്പോള്‍ ചെറിയതായി ഉപദ്രവം തുടങ്ങിയിട്ടുണ്ട്‌.

'എന്തൊക്കെയാണ്‌ പഥ്യം?' ഞാന്‍ ചോദിച്ചു.

'ബ്രാന്‍ഡിയും നാടന്‍ വാറ്റും മാത്രമേ മദ്യമായി കഴിക്കാന്‍ പാടുള്ളൂ. അതാണ്‌ പഥ്യം. നാലുമാസം മുമ്പ്‌ ഞാന്‍ അല്‍പം റമ്മ് കഴിച്ചു. അന്ന് തുടങ്ങിയതാ...'

ഇതുകേട്ട്‌ ഞാന്‍ മറ്റേതോ ലോകത്തിലാണെന്ന് തോന്നി. അല്‍പം കഴിഞ്ഞപ്പോള്‍ വൈദ്യരെത്തി.

'അഞ്ചുപേര്‍ അകത്തേക്ക്‌ വരൂ' വൈദ്യര്‍ കല്‍പിച്ചു.

അഞ്ചുപേരില്‍ ഞാനും ഉള്‍പെട്ടു. സാമാന്യം വലിയ ഒരു മുറിയില്‍ കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം മുറിയുണ്ട്‌. ഒരു കട്ടിലില്‍ ഒരൊരുത്തരെയും ഇരുത്തി. ഇനിയെന്ത്‌ എന്നാലോചിക്കുമ്പോഴേക്കും ഒരു ഗ്ലാസ്‌ നിറയെ ചുവന്ന ദ്രാവകവുമായി വൈദ്യരെത്തി. കോഴിയുടെ ചോരയും ബ്രാന്‍ഡിയും പിന്നെ മറ്റുചില പച്ചിലമരുന്നുകളും ചേര്‍ത്തുണ്ടാക്കിയതാണീ മരുന്നെന്ന് തോന്നുന്നു.

'മൂക്കടച്ചുപിടിച്ച്‌ ഒറ്റവലിക്കകത്താക്കിക്കോളൂ' വൈദ്യര്‍ പറഞ്ഞു. ബ്രാന്‍ഡി 'dry' അടിക്കുന്നത്‌ പോലെ തോന്നി അത്‌ കഴിച്ചപ്പോള്‍. അതിന്റെ മണവും രുചിയും അസഹനീയമാണ്‌.

'ഒരു മണിക്കൂര്‍ ഈ കട്ടിലില്‍ കിടന്നിട്ട്‌ പൊയ്ക്കോളൂ' ഗ്ലാസുമായി തിരികെ നടക്കുമ്പോള്‍ വൈദ്യര്‍ പറഞ്ഞു. ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. അഞ്ചുമിനിട്ട്‌ കഴിഞ്ഞപ്പോഴേക്കും കട്ടിലില്‍ കിടന്നവരെല്ലാം കൂര്‍ക്കം വലിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. പതിയെ ഞാനും ഉറക്കത്തിലേക്ക്‌ വഴുതിവീണു.

ഒരു മണിക്കൂറിനു ശേഷം എന്റെ സുഹൃത്ത്‌ വിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌. അപ്പോഴും 'പറ്റി'റങ്ങിയിട്ടുണ്ടായിരുന്നില്ല. അകത്തെ മുറിയില്‍ നിന്ന് സ്ത്രീകളെ അവരുടെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചാണ്‌ കൊണ്ടുവന്നത്‌. പലരും കുടിയന്മാരെപ്പോലെ ആടുന്നുണ്ടായിരുന്നു. ചിലര്‍ 'കുടിച്ച'തിന്റെ നാണക്കേടുമൂലം തോര്‍ത്തില്‍ മുഖമൊളിപ്പിച്ചു.

'വൈദ്യര്‍ക്ക്‌ ദക്ഷിണ കൊടുക്കണം' സുഹൃത്ത്‌ ഓര്‍മ്മിപ്പിച്ചു.

'അപ്പോള്‍ ചികില്‍സ കഴിഞ്ഞോ?' ഞാന്‍ ചോദിച്ചു.

'ഇത്രയേയുള്ളൂ' സുഹൃത്തിന്റെ മറുപടി

'ദക്ഷിണ എത്ര കൊടുക്കണം'

'നിനക്കിഷ്ടമുള്ളത്‌ കൊടുത്താമതി.' ഞങ്ങള്‍ റബ്ബര്‍ക്കട ലക്ഷ്യമാക്കി നടന്നു. വൈദ്യര്‍ വീണ്ടും ഉഴിച്ചില്‍ നടത്തുകയാണ്‌.

'ഉം, എന്താ വന്നത്‌? ചികില്‍സയൊക്കെ കഴിഞ്ഞു. ഇനി പൊയ്ക്കോ' ഞങ്ങളെ കണ്ടതും വൈദ്യര്‍ തട്ടിക്കയറി. ഞാന്‍ ഒന്നും പറയാതെ ദക്ഷിണ ആ കൈയില്‍ വച്ച്‌ കൊടുത്തു.

'കഴിക്കണ്ടാ എന്ന് വിചാരിച്ചതൊക്കെ കഴിച്ചൊളൂ. പ്രത്യേകിച്ച്‌ ഞണ്ട്‌, ചെമ്മീന്‍ എന്നീ തോടുള്ളവ. കോഴിയും മുട്ടയും പരമാവധി കഴിച്ചോളൂ. അടുത്ത ഇരുപത്‌ ദിവസം ഇതെല്ലാം പരമാവധി കഴിക്കണം. അസുഖം വീണ്ടും വരുത്താന്‍ നോക്കണം. വീണ്ടും അസുഖം വന്നാല്‍ ഒരുപ്രാവശ്യം കൂടി ഇവിടെ വരേണ്ടിവരും. അതിലെല്ലാം മാറിക്കോളും. പിന്നെ ബ്രാന്‍ഡിയും വാറ്റുമല്ലാതെ മറ്റൊന്നും കഴിക്കരുത്‌. ബിയറും കള്ളും ഒട്ടും പാടില്ല, കേട്ടല്ലോ'

ഒരുവിധം ഞാനയാളില്‍നിന്ന് രക്ഷപ്പെട്ടു. വരുന്ന വഴിക്ക്‌ ഹോട്ടലായ ഹോട്ടലൊക്കെ കയറി ചിക്കനും ചെമ്മീനും കഴിച്ചു. ഒരു ഫുള്‍ ബ്രാന്‍ഡിയും തീര്‍ത്തു. രാത്രിയായപ്പോഴേക്കും എറണാകുളത്തെത്തി.

പിറ്റേന്ന് ഞാന്‍ അവധി എടുത്തിരുന്നു. ഒരു മുന്‌കരുതലിനുവേണ്ടി എടുത്തതാണ്‌. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലേന്ന് കാട്ടിക്കൂട്ടിയതിന്റെ റിസല്‍റ്റെന്തായിരിക്കും എന്ന ടെന്‍ഷനിലായിരുന്നു. ബ്രാന്‍ഡിയുടെ പുറത്ത്‌ എന്തൊക്കെയാണ്‌ തിന്നുകൂട്ടിയതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. അല്‍ഭുതം. ഒന്നും സംഭവിച്ചിട്ടില്ല. ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. കുളികഴിഞ്ഞ്‌ ഞാന്‍ ഓഫീസിലേക്ക്‌ വച്ചുപിടിച്ചു. എനിക്കിപ്പോള്‍ ബൈക്കില്‍ നേരെയിരിക്കാം. ഓഫീസില്‍ ഞാന്‍ ഉച്ചവരെ സീറ്റില്‍ നിന്നെഴുന്നെറ്റില്ല. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമായി.

അന്നുമുതലിന്നുവരെ ബ്രാന്‍ഡിയും വാറ്റുമല്ലാതെ മറ്റൊരു മദ്യവും ഞാന്‍ കഴിച്ചിട്ടില്ല. പയില്‌സിനെപറ്റി ഞാന്‍ മറന്നിരിക്കുന്നു. ഇതിനിടെ എന്റെ ഉപദേശപ്രകാരം രണ്ടുപേര്‍ കൂടി ചികില്‍സകഴിഞ്ഞ്‌ സുഖപ്പെട്ടിരുന്നു.

അതുകൊണ്ട്‌ സഹബ്ലോഗര്‍മാര്‍ക്കായി എന്റെ ഈ അനുഭവകഥ ഞാന്‍ സമര്‍പ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന നമ്പറില്‍ വൈദ്യരെ വിളിക്കാവുന്നതാണ്‌. 04828 236442

48 Comments:

Blogger sahayaathrikan said...

ബ്ലോഗുവഴി ഇങ്ങനെയും ഒരു സഹായം ആകട്ടെ എന്ന് കരുതി. അത്രമാത്രം.

August 21, 2006 4:37 AM  
Blogger Mubarak Merchant said...

സഹയാത്രികാ,
രണ്ടു വര്‍ഷം മുന്‍പ് എന്റെയൊരു സുഹൃത്തിനെയുംകൊണ്ട് ഞാനുമവിടെ പോയിരുന്നു. അങ്ങേര്‍ക്കും മരുന്നുകഴിച്ച് സുഖമായെന്നാ അറിവ്.
ജോര്‍ജ്ജ്കുട്ടിവൈദ്യരുടെ വീടൊക്കെ അന്ന് ചുറ്റിനടന്ന് കണ്ടു. മരം പാകിയ ചുവരൊക്കെയുള്ള നല്ല തണുപ്പുള്ള വീട്. പക്ഷെ അത് ചികിത്സക്ക് മാത്രമുള്ളതാ. അയാള്‍ താമസിക്കുന്നത് വേറെ വീട്ടിലാ.

August 21, 2006 4:45 AM  
Blogger അഞ്ചല്‍ക്കാരന്‍ said...

എഴുത്ത് രീതി നന്നായി..ഈ പറഞ്ഞതൊക്കെയും ശരിയാണെങ്കില്‍ അതീ രോഗ മുള്ളോര്‍ക്ക് ഒരു പുത്തനറിവാണ്...

August 21, 2006 4:47 AM  
Anonymous Anonymous said...

എനിക്കിതു വിശ്വസിക്കാന്‍ പറ്റുന്നില്ല. പക്ഷെ സത്യമാവണം. ജോണ്ടിസിന് ഇതുപോലെ കോഴി കൊണ്ടുള്ള ചികിത്സ കൊല്ലത്തെ ഏതൊ വൈദ്യന്‍ ചെയ്ത് രോഗം പൂര്‍ണ്ണമായി ഒരു ദിവസം കൊണ്ട് മാറിയത് അറിയാം..പക്ഷെ ഇതുപോലെ കേക്കുമ്പോള്‍ പരീക്ഷിക്കാന്‍ പേടിയാണ്...

August 21, 2006 4:48 AM  
Blogger അരവിന്ദ് :: aravind said...

അവിശ്വസനീയം!!!
നന്ദി സഹയാത്രികാ...
എനിക്ക് ആവശ്യം വരും മിക്കവാറും ഈ അറിവ്, ഭാവിയില്‍. :-)

August 21, 2006 5:22 AM  
Blogger Unknown said...

സത്യമാണോ മാഷേ?

എന്റെ ഒരു ബന്ധുവിന് ഞാന്‍ ലിങ്ക് അയച്ച് കൊടുത്തിട്ടുണ്ട്. തല്ല് കൊള്ളിക്കരുത്.പ്ലീസ്.

August 21, 2006 5:32 AM  
Blogger മഹേഷ് said...

നാടന്‍വാറ്റിന്റെ ഔഷധമൂല്യം കണക്കാക്കി അത്‌ നിയമവിധേയമാക്കണം.
കോഴിച്ചോരയും ബ്രാണ്ടിയും ചേര്‍ത്ത മരുന്ന്‌ ചതവ്‌ തുടങ്ങിയവയ്ക്ക്‌ കൊടുക്കുന്നതിനെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌.ഈ വിവരത്തിന്‌ ബൂലോകം കടപ്പെട്ടിരിക്കുന്നു.

August 21, 2006 6:32 AM  
Blogger Sivadas said...

സംഗതി അത്യുഗ്രന്‍. ഇങനെയുള്ള കാര്യങള്‍‍ ഇനിയും പ്രതീക്ഷിക്കുന്നു.
- ശിവദാസ്

August 21, 2006 6:35 AM  
Blogger Sreejith K. said...

സഹയാത്രികാ, എഴുത്ത് മനോഹരം. നന്നായി വിവരിച്ചിരിക്കുന്നു. ഒരു കൈ സഹായം എന്നെ ബ്ലോഗിന്റെ പേര്‍ അന്വര്‍ത്ഥമാക്കുന്ന പോസ്റ്റ്.

August 21, 2006 6:35 AM  
Blogger ബിന്ദു said...

ഇതു രണ്ടും ഉപയോഗിക്കാന്‍ മടിയുള്ളവര്‍ക്കു പറ്റില്ല അല്ലേ? എന്തായാലും നന്നായി ഇങ്ങനെ ഒരു വിവരം ഇവിടെ എഴുതിയത്. :)

August 21, 2006 7:26 AM  
Blogger അനംഗാരി said...

This comment has been removed by a blog administrator.

August 21, 2006 12:48 PM  
Blogger അനംഗാരി said...

സഹയാത്രികാ നന്നായി. നടുവേദനയ്ക്ക് എന്താണു ചികിത്സ? വിശദമായി എഴുതൂ. പണ്ട് നവോദയ സമരത്തിന് പോലീസ് തന്ന സമ്മാനം ഞാനിപ്പോഴും കൊണ്ട് നടക്കുകയാണു. അതൊന്ന് എവിടെയെങ്കിലും, കളയണം.

August 21, 2006 12:51 PM  
Blogger sahayaathrikan said...

ഇക്കാസേ, മരം പാകിയ ചുവരുകളുള്ള ആ വീട് തന്നെ.

ഇഞ്ചീ, മയ്യഴി പറഞ്ഞപോലെ, കരിങ്കോഴിയെ ചതച്ചരച്ച് ആക്സിഡന്റ് മൂലമുണ്ടാവുന്ന ചതവിന്‍ ചികിത്സിക്കുന്നതായും കേട്ടിട്ടുണ്ട്. കരിങ്കോഴിക്ക് ഔഷധഗുണമുണ്ടത്രേ!

അരവിന്ദാ, വൈദ്യരുടെ മകന്‍ ജിമ്മിയും ഈ പാരമ്പര്യം തുടരുന്നതിനാല്‍ അരവിന്ദന്റെ ഭാവി സുരക്ഷിതം.

ദില്‍ബു, തല്ലുകൊള്ളില്ലാ, ഞാന്‍ ഗ്യാരണ്ടി.

കുടിയാ, നടുവേദനയുടെ ചികിത്സയും അല്പം വിശേഷപ്പെട്ടതാണ്‍. എന്റെ സുഹൃത്തിന്റെ അനിയനെ അവര്‍ ശരിക്കൊന്ന് പെരുമാറി എന്നാണ്‍ കേട്ടത്. പുള്ളിയുടെ പുറകില്‍ വന്നുനിന്ന് കക്ഷത്തിനടിയിലൂടെ കൈയ്യിട്ട്, പൂണ്ടടക്കം പിടിച്ച് ഒന്നു പൊക്കി നിലത്ത് കുത്തിയത്രെ. നട്ടെല്ലിന്റെ അടിഭാഗത്തുനിന്ന് ഒരു wave പോലെ എന്തൊ ഒന്ന് കഴുത്തുവരെയും അനുഭവപ്പെട്ടു. ഇളകിനിന്ന ജോയിന്റ്സെല്ലാം ‘ടകടക’ എന്ന് റീസെറ്റ് ചെയ്തു.

അഞ്ചല്‍,ശിവ്,ബിന്ദു,രാജ് - സ്വന്തം പയിത്സിന്‍ പബ്ലിസിറ്റി കൊടുക്കുന്ന ആദ്യത്തെ ബ്ലോഗര്‍ ഞാനായിരിക്കാം. ആസ്ത്‌മക്കായിട്ടുള്ള ഒരു പ്രത്യേക ചികിത്സയിലാണ്‍ ഞാനിപ്പോള്‍. 32 വര്‍ഷമായി എന്റെ സന്തതസഹചാരിയാണ്‍. മുമ്പ് പറഞ്ഞപോലെ ഒരു അസാധാരണ ചികിത്സയാണ്‍. വിജയിച്ചാല്‍ തീര്‍ച്ചയായും ഒരു പോസ്റ്റ് പ്രതീക്ഷിക്കാം

August 21, 2006 8:47 PM  
Blogger Raghavan P K said...

നല്ല വിവരണം.രോഗിഗളായിക്കഴിഞാല്‍ എങിനേയെങ്കിലും രോഗം മാറിക്കിട്ടാന്‍ ശ്രമിക്കും.
ഇതുമാതിരി ചികിത്സാ സമ്പ്രദായങള്‍ നാട്ടുകാരുടെ വിശ്വാസത്തിന്റെ പേരില്‍ മാത്രം നടത്തുന്നവയാണ്.
ശാശ്ത്രിയമായ രീതിയില്‍ ചെയ്താലേ ഇതിനു ഭാവി ഉള്ളൂ.ഈ ചികിത്സ കൊണ്ടു രോഗം മാറിയവര്‍ നല്ലതു പറയും.

August 22, 2006 6:05 AM  
Blogger ദേവന്‍ said...

എന്റെ ബ്ലോഗിലോട്ട്‌ ഞാനങ്ങു ലിങ്കി സഹയാത്രികാ. അതിശയമായിരിക്കുന്നു ഇത്‌.

August 22, 2006 10:19 PM  
Blogger മുല്ലപ്പൂ said...

വളരെ നന്നായി എഴുതിയിരിക്കുന്നു.
ബ്ലൊഗു കൊണ്ടു ,ഇതു ഒരു വലിയ സഹായം തന്നെ.
നമ്പര്‍ നൊട്ട് ചെയ്തു.

August 22, 2006 10:37 PM  
Blogger -B- said...

അതിശയമാണല്ലോ ഇത്!

August 22, 2006 10:38 PM  
Blogger വല്യമ്മായി said...

ഈ ചികിത്സയ്ക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടോ എന്നറിഞ്ഞിട്ട് പ്രോത്സാഹിപ്പിക്കുന്നത് അല്ലേ നല്ലത്?

August 22, 2006 10:43 PM  
Blogger ലാലേട്ടന്‍... said...

സഹയാത്രികാ,
വളരെ നല്ല ആഖ്യാന രീതി. ലളിതമായും ഇന്റെരിസ്റ്റിങ് ആയും അവതരിപ്പിചിരിക്കുന്നു. grat.

ലാലേട്ടന്‍...

August 22, 2006 10:55 PM  
Blogger സ്നേഹിതന്‍ said...

ഇത് ആദ്യമായി കേള്‍ക്കുന്നതാണ്. അത്ഭുതം തോന്നി.
സഹയാത്രികന്‍ നന്നായി വിവരിച്ചിരിയ്ക്കുന്നു.

ദേവന്റെ ലിങ്കിനു നന്ദി.

August 22, 2006 11:08 PM  
Blogger രാവണന്‍ said...

സഹയാത്രികാ.... മനോഹരം..... എന്നാലും ഇതൊള്ളതു തന്നേ?????

August 23, 2006 8:56 AM  
Blogger sahayaathrikan said...

കോഴി ചികിത്സയുടെ ശാസ്ത്രീയമായ അടിസ്ഥാനത്തെ പറ്റിയൊന്നും ചിന്തിക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല അപ്പോള്‍. അസുഖം വളരെ ഗുരുതരമായിരുന്നു. എന്തായാലും രണ്ടുവര്‍ഷമായി യാതൊരു After Effects-ഉം കണ്ടിട്ടില്ല എന്നതും പിന്നീട് പോയവര്‍ക്കും രോഗം മാറി എന്ന സത്യവുമാണ്‍‍ ഈ ബ്ലോഗെഴുതാന്‍ എനിക്ക് ധൈര്യം തന്നത്. ഇക്കാസിന്റെയും കുടിയന്റെയും അനുഭവങ്ങളും വ്യത്യസ്ഥമല്ലല്ലോ.

ദേവരാഗം, ലിങ്കിട്ടതിന് പ്രത്യേകം നന്ദി.

August 23, 2006 10:14 PM  
Blogger Unknown said...

ചികിത്സ അത്ഭുതകരം! പോസ്റ്റ് ഗംഭീരം.
അത്ഭുതം എന്ന രസം ആഖ്യാനത്തിലേയ്ക്കും ആവാഹിച്ചിരിക്കുന്നു.

August 28, 2006 4:02 AM  
Blogger VIJU ALEX said...

ശരിയാണോ?പാമ്പു കടിച്ചാല്‍ പാമ്പിനെ തിരിച്ചു കടിക്കുന്നപോലെ.
പത്തു കടി തിരിച്ചു കിട്ട്രരുത്..

June 29, 2007 3:43 AM  
Blogger Unknown said...

let your Parasahayam continue

www.sailorsdiary.com

January 06, 2009 3:43 AM  
Blogger Unknown said...

Du u have anymore comments on this person "George Vaidyan"?

February 28, 2010 6:52 PM  
Blogger Unknown said...

Yes it is pefectly true. I also had his treatment and is effective.Moreover I am staying around Three kilometer from his place. So pls go and have his medicine and enjoy the life later. Dont waittttttttttttttt

June 29, 2010 4:07 AM  
Blogger Vasanth said...

സഹയാത്രികന്റെ ചികിത്സാ വിവരണം ഉഷാറായി. ഇത് വളരെ അരോചകരമായി തോന്നുന്നു എന്നത് ശരി തന്നെ . എന്നാല്‍ പല ചികിത്സകളും ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു വൈദ്യന്‍ ഏതോ ഒരു രോഗത്തിന് കുറുക്കന്‍ കാഷ്ടം പഴത്തില്‍ പൊതിഞ്ഞു കൊടുത്തതായും രോഗം ഭേദമായതായും അദ്ദേഹം തന്നെ ആരോഗ്യ മാസികയില്‍ എഴുതിയിരുന്നു.പിന്നെ ശാസ്ത്രീയ വിശകലനത്തിന്റെ കാര്യം. പല ആയുര്‍വേദ വൈദ്യ രീതികളും അലോപതി വിശദീകരത്തിന് ഒതുങ്ങാത്തവയാണെന്ന് സ്വന്തം അനുഭവം വിവരിച്ചു കൊണ്ട് ഡോക്ടര്‍ സി രാമചന്ദ്രന്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. ഇതില്‍ എനിക്ക് ഒരു പ്രയാസമേ ഉള്ളൂ. രക്തവും ബ്രാണ്ടിയും മുസ്ലിംകള്‍ക്ക് നിഷിദ്ധമാണ്. ഞങ്ങള്‍ മറ്റേതെങ്കിലും ചികിത്സ നോക്കിക്കൊള്ളാം. വേറെയും ചികിത്സകള്‍ ഉണ്ടാകുമല്ലോ. അറിയുന്നവര്‍ അറിയിക്കുക.
മറ്റൊരു കാര്യം, പൈല്‍സിനെക്കാള്‍ പുറത്തു പറയാന്‍ മടിക്കുന്ന രോഗങ്ങളുണ്ട്. ലൈംഗിക രോഗങ്ങള്‍. അവയ്ക്കും ഇത് പോലെ അത്ഭുത ചികിത്സകള്‍ ഉണ്ടായിക്കൂടെന്നില്ല. ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഇതിലൂടെ അറിയിക്കാം. വിവാഹബന്ധങ്ങള്‍ പോലും തകരുന്ന തരത്തില്‍ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന തകരാറുകള്‍ പുറത്തു പറയാന്‍ മടിച്ചു ജീവിക്കുകയും നിവൃത്തിയില്ലാതാവുമ്പോള്‍ ആത്മഹത്യ ചയൂകയും ചെയ്യുന്നവരുണ്ട്. പലപ്പോഴും ചികിത്സിച്ചാല്‍ മാറുന്നവയായിരിക്കും ഈ രോഗങ്ങള്‍. പ്രതികരിക്കുക. .

January 23, 2012 6:25 PM  
Blogger Vasanth said...

തിരുത്ത് : മുസ്ലിംകള്‍ക്ക് രക്തവും മദ്യവും നിഷിദ്ധമാണ്. എന്ന് ഞാനെഴുതിയപ്പോള്‍ അവിടെയിരുന്ന ബക്കര്‍ പറഞ്ഞു ' ഞങ്ങള്‍ മറ്റേതെങ്കിലും ചികിത്സ നോക്കിക്കൊള്ളാം ' എന്ന്. ഞാനതങ്ങനെതന്നെ ടൈപ്പ്‌ ചെയ്യുകയും ചെയ്തു. അവര്‍ മറ്റേതെങ്കിലും ചികിത്സ നോക്കിക്കൊള്ളും എന്നായിരുന്നു വേണ്ടിയിരുന്നത്

January 23, 2012 6:40 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

@ Blogger sahayaathrikan

Still sticking to the recommendation?

August 30, 2012 8:36 AM  
Blogger ranjii said...

ഫോണ്‍ നമ്പര്‍ എവടെ ???

February 14, 2013 1:58 AM  
Blogger sahayaathrikan said...

Yes, the treatment is effective, the disease hasn't resurfaced after this treatment.

March 29, 2013 5:59 PM  
Blogger അജിത് said...

ഫോണ്‍ നമ്പര്‍ വര്‍ക്ക് ചെയ്യുന്നില്ല,ഒന്ന് ചെക്ക് ചെയ്യ്തു നോക്കൂ ...

June 23, 2013 6:11 AM  
Blogger Unknown said...

PLS TRY THIS 9846540387
(CALING TIME 5PM-9PM)

April 17, 2014 8:02 AM  
Blogger Unknown said...

This comment has been removed by the author.

April 17, 2014 8:31 AM  
Blogger Unknown said...

ബ്രാൻഡിയും കോഴിച്ചോരയും കൂടാതെ പിന്നെന്ത് മരുന്നാണ് അതിൽ കൂട്ടുന്നത്

December 24, 2015 3:56 AM  
Blogger Unknown said...

Avide sunday treatment undo, chellunna annu thanne treatment kittumo?

August 20, 2016 1:45 PM  
Blogger Unknown said...

ഇപ്പോഴത്തെ കോണ്ടാക്റ്റ് നമ്പർ കിട്ടുമോ

October 02, 2016 2:50 AM  
Blogger Sangeeth Valanchery said...

ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

September 23, 2017 5:33 AM  
Blogger Unknown said...

Thangalude no tharumo

February 27, 2018 8:45 PM  
Blogger Lineesh kannur said...

എല്ലാ ഗ്രേഡിലുള്ള പൈൽസിനും ചികിത്സ ഉണ്ടോ?
വൈദ്യരുടെ അടുത്ത് എങ്ങനെ എത്തിച്ചേരാം?

July 06, 2018 7:23 PM  
Blogger Unknown said...

ഒരുപാട് നന്ദി. ഞാൻ ഇന്ന് പോയിരുന്നു .ഇന്റെ ഓപ്പറേഷൻ ഫിക്സ് ചെയ്‌തതാണ്. ഇനി അത്‌ വേണ്ട .സത്യത്തിൽ ഒരു വലിയ അദ്‌ഭുതം ആണ് ആ മരുന്ന്. തങ്ങളുടെ അനുഭവം ഷെയർ ചെയ്‌തതിന് നന്ദി ബ്രോ

July 14, 2018 4:37 AM  
Blogger അജിത് said...

Any contact number or proper location plz

July 14, 2018 4:46 AM  
Blogger Lineesh kannur said...

സഹോ താങ്കളുടെ ബുദ്ധിമുട്ട് പൂർണമായി മാറിയോ?. എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോ?.വൈദ്യരുടെ ഫോൺ നമ്പറും അഡ്രസും പറഞ്ഞ് തരാമോ?.ഏകദേശം എത്ര ചിലവ് വരും?. Replay please

October 12, 2018 9:49 PM  
Blogger Lineesh kannur said...

വൈദ്യരുടെ അഡ്രസ് ഫോൺ നമ്പർ എന്നിവ പറഞ്ഞു തരാമോ. എങ്ങനെ അവിടെ എത്തിചേരാം?.
Expecting replay

October 12, 2018 9:53 PM  
Blogger Unknown said...

Chetta sherikkum ullathanallolle njan povan theerumaanichu pettennu sughamaakuvo njan eppol kashayam aanukudikkunnath... Pls rply

May 11, 2019 1:15 AM  
Blogger അജിത് said...

ഞാൻ ഇന്നലെ പോയിരുന്നു രാവിലെ 8 മണി വരെ ടോക്കൺ കൊടുക്കും. ഞായറും ചില ശനിയാഴ്ചകളും പൊതു അവധി ദിവസങ്ങളിലും അവിടെ അവധി ആയിരിക്കും അത് കൊണ്ട് ബാക്കിയുള്ള ദിവസങ്ങളിൽ പോകുന്നത് ആണ് നല്ലത്. ഫോൺ നമ്പർ ഇവിടെ പറഞ്ഞിട്ടുള്ളത് തന്നെ ആണ് പക്ഷേ കിട്ടാൻ ബുദ്ധിമുട്ടാണ്‌.

എനിക്കും പൈൽസിന്റെ ചെറിയ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് പോയത് , അവിടെ ഇപ്പോൾ ഒരു പാട് അസുഖങ്ങൾക്ക് ചികിത്സ ഉണ്ട്. പഴയ രീതിയിൽ അല്ല മുഴുവനായും ഒരു ക്ലിനിക്ക് ആയി മാറി .പൈൽസിന്റെ ചികിത്സക്കു പോകുന്നവർ ഇപ്പോൾ ഒന്നും കൊണ്ടു പോകേണ്ടതില്ല . 8 മണി വരെ ഉള്ള രോഗികളുടെ എണ്ണം നോക്കി അപ്പോൾ തന്നെ മരുന്നു ഉണ്ടാക്കിതുടങ്ങും. അവിടെ എത്തിയിട്ട് ടോക്കൺ എടുത്തു കഴിഞ്ഞപ്പോൾ നല്ല കനത്തിൽ ഭക്ഷണം കഴിച്ചിട്ട് വരാൻ പറഞ്ഞു. ബാക്കിയുള്ള എല്ലാ രോഗികളുടെയും ചികിത്സ കഴിഞ്ഞിട്ടാണ് പൈൽസ് രോഗികളെ വിളിക്കുള്ളു എല്ലാവരെയും ഒരുമിച്ചാണ് വിളിച്ചത് ഒരു 11 മണി ആയികാണും വിളിച്ചപ്പോൾ . പൈൽസിന്റെ എല്ലാ ഗ്രേഡിലുള്ള ആൾക്കാരും അവിടെ വന്നിരുന്നു .റുമിന്ള്ളിൽ കയറിയ ശേഷം ഓരോരുത്തരോടായി അസുഖ വിവരം ചോദിക്കും അതിനു ശേഷമാണ് മരുന്ന്കൂട്ടു മികസ് ചെയ്യുക .ഇപ്പോൾ അദ്ദേഹത്തിന്റെ മകനാണ് ക്ലിനിക്ക് നോക്കുന്നത് .4000 രൂപ ആണ് ചാർജ് , സഹയാത്രികനു ഉണ്ടായ അനുഭവത്തിൽ നിന്ന് പഥ്യത്തിൽ മാറ്റം ഉണ്ട് ഒരു തരം മദ്യവും പിന്നീട് കഴിക്കാൻ പാടില്ല. അദ്ദേഹത്തെ കണ്ട ശേഷം 30 മിനിറ്റിനു ശേഷം അണ് മരുന്ന് കൊണ്ട് വന്നത് അതിൽ നാടൻ ചാരായവും കോഴിച്ചോരയും പിന്നെ എന്തൊക്കെയോ കൂട്ടും ഉള്ളത് പോലെ തോന്നി അതിനു ശേഷം ഒരു മണിക്കുർ അവിടെ കിടത്തും പിന്നെ കഴിക്കാനുള്ള മരുന്നും പുരട്ടാനുള്ള മരുന്നും തന്നു വിടും .4 ആഴ്ചയ്ക്കുള്ളിൽ മാറിയില്ലെങ്കിൽ ഒരു ഡോസു കൂടി കഴിക്കേണ്ടി വരുമെന്ന് പറഞ്ഞു ചിലർക്ക് 8 ഡോസു വരെ കഴികേണ്ടി വരുമെന്നും പറഞ്ഞു, ഓരോ പ്രാവശ്യവും വീണ്ടും മരുന്നിനായി ഇത്ര പണം തന്നെ വീണ്ടും വരും,

ബ്ലോഗിൽ ലിമിറ്റ് ഉള്ളത് കൊണ്ട് കൂടുതൽ കാര്യങ്ങൾക്കായി Ajith 9846098003 ഈ നമ്പറിൽ whats app ചെയ്യുക

August 20, 2019 1:46 AM  
Blogger Vimal said...

കോഴിയും ബ്രാണ്ടിയും കൊണ്ട് പോകേണ്ടി വരുമോ

June 13, 2020 6:56 AM  

Post a Comment

<< Home