Monday, August 21, 2006

മൂലക്കുരുവിനൊരു കോഴി ചികിത്സ

പണ്ട്‌ പുറത്തുപറയാന്‍ നാണക്കേടുള്ള അസുഖമായിരുന്നു Piles അഥവാ മൂലക്കുരു. ഇന്ന് ഇത്‌ സാര്‍വ്വത്രികമായിരിക്കുന്നു. ഇത്‌ അനുഭവിച്ചവര്‍ക്കറിയാം അതിന്റെ വിഷമതകള്‍. എന്റെ പയില്‍സ്‌കാല അനുഭവം നിങ്ങളുമായി പങ്കുവച്ചുകൊള്ളട്ടെ.

ഏകദേശം രണ്ടുവര്‍ഷം മുമ്പു നടന്ന സംഭവമാണ്‌. കമ്പ്യൂട്ടറിനുമുമ്പില്‍ എകദേശം 6 മണിക്കൂറെങ്കിലും ചിലവിടേണ്ടി വരുന്ന ജോലിയാണ്‌ എന്റേത്‌. രാവിലെ സീറ്റിലിരുന്നാല്‍ എഴുന്നേല്‍ക്കുന്നത്‌ ഉച്ചക്കൂണ്‌ കഴിക്കാന്‍ മാത്രമായിരുന്നു. ഇങ്ങനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തപ്പോഴേക്കും വിട്ടുമാറാത്ത നടുവേദന, ചുമല്‌വേദന തുടങ്ങിയ കമ്പ്യൂട്ടര്‍ വേദനകള്‍ എനിക്ക്‌ കൂട്ടിരിക്കാന്‍ തുടങ്ങി. ഇടയ്ക്കിടെയുള്ള ഉഴിച്ചില്‍ പിഴിച്ചില്‍ കൊണ്ട്‌ ഒരുപരിധി വരെ ഇവയ്ക്ക്‌ തടയിടുവാന്‍ സാധിച്ചിരുന്നു. അങ്ങിനെ ഒരുവിധം ജീവിതം തള്ളിനീക്കുമ്പോഴാണ്‌ പയില്‌സ്‌ എന്ന് ഓമനപ്പേരിലറിയപ്പെടുന്ന ഈ വമ്പന്റെ വരവ്‌.

പിന്നത്തെക്കാര്യം പറയണോ? സീറ്റില്‍ നിന്നെഴുന്നേല്‍ക്കാതിരുന്ന ഞാന്‍ രാവിലെ മുതല്‍ കാണുന്നവരെയൊക്കെ എഴുന്നേറ്റുനിന്നാദരിച്ചു തുടങ്ങി. അവരിരുന്നാലും ബഹുമാനപൂര്‍വ്വം ഞാന്‍ നില്‍ക്കുകതന്നെയായിരിക്കും. ഇരിക്കുവാനുള്ള ക്ഷണങ്ങള്‍ എന്റെ പേടിസ്വപ്നമായി മാറി. കസേരകളെ ഞാന്‍ വെറുത്തു. ഒരു സിനിമകാണാനോ, എന്തിന്‌ ഒന്നു നേരംവണ്ണം ഇരുന്ന് ഭക്ഷണം കഴിക്കാനോ സാധിക്കാതായി. എന്റെ പ്രിയപ്പെട്ട കോഴിക്കറി ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ബൈക്കില്‍ സൈഡുതിരിഞ്ഞിരുന്ന് ഓടിക്കാന്‍ ഒരു ഡ്രൈവിംഗ്‌ സ്കൂളിന്റെയും സഹായമില്ലാതെ ഞാന്‍ സ്വയം പരിശീലിച്ചു. എന്തിനേറെ പറയുന്നു, എന്റെ ആത്മവിശ്വാസം നഷ്ടമാവുന്ന അവസ്ഥയിലേക്ക്‌ ഞാന്‍ വളരെ വേഗം നീങ്ങിക്കൊണ്ടിരുന്നു. മറ്റുള്ളവരെ നേരിടാന്‍ തന്നെ എനിക്ക്‌ മടിയായി. കോണ്‍ഫറന്‍സുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ മുറയ്ക്ക്‌ കഴിക്കുന്നുണ്ടായിരുന്നു. കഷായവും ലേഹ്യവുമെല്ലാം എന്റെ ഓഫീസ്‌ മുറിയില്‍പോലും സ്ഥാനം പിടിച്ചു. മരുന്നുകള്‍ കുത്തിനിറച്ച എന്റെ ബാഗ്‌ ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റേതുപോലെ തോന്നിച്ചു.

ഇതിനിടയിലാണ്‌ എന്റെ ഒരു സുഹൃത്തിന്റെ സഹോദരന്‍ നടുവേദനയ്ക്കായി 'തിടനാട്‌' എന്ന സ്ഥലത്ത്‌ ഒരു തിരുമ്മല്‍ വിദഗ്ദ്ധന്റെ സഹായം തേടിയത്‌. നടുവേദന കൂടിക്കുടി ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഈ കഥാപാത്രം. കഷ്ടിച്ച്‌ രണ്ടാഴ്ചകൊണ്ട്‌ ഇഷ്ടന്റെ നടുവേദന പമ്പകടന്നു എന്ന് മാത്രമല്ല, നടുവേദന കാരണം ഗ്രീസിട്ട്‌ കയറ്റിവച്ചിരുന്ന ബൈക്കില്‍ ആശാന്‍ ഒരു ടീനേജുകാരനെപ്പോലെ ചെത്തി നടക്കാനും തുടങ്ങി. സുഹൃത്തിനോട്‌ ഈ ചികില്‍സയെപറ്റി സംസാരിക്കുന്നതിനിടയിലാണ്‌ അവന്‍ പറഞ്ഞത്‌ പയില്‍സിനും അവിടെ 'വിശേഷപ്പെട്ട' ഒരു ചികില്‍സയുണ്ടെന്ന്.

നാടന്‍ കോഴിയും ബ്രാന്‍ഡിയുമാണ്‌ ഈ ചികില്‍സയുടെ മരുന്നുകൂട്ട്‌. ആണുങ്ങള്‍ക്ക്‌ പിടക്കോഴി, പെണ്ണുങ്ങള്‍ക്ക്‌ പൂവന്‍ കോഴിയുമാണ്‌ മരുന്നിനുപയോഗിക്കുക. ഒരു പ്രാവശ്യം മരുന്നുപയോഗിച്ചാല്‍ മതിയാകും. എനിക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രണ്ടും മൂലക്കുരുവിന്‌ വിരോധമുള്ള കാര്യങ്ങള്‍. ഇത്‌ രണ്ടും അകത്തുചെന്നാല്‍ പിന്നെ 'ഇരിക്കുക' എന്നത്‌ വിദൂരമായ സ്വപ്നമായിത്തിരും. അതുകൊണ്ട്‌ തല്‍ക്കാലം സൈഡുതിരിഞ്ഞുള്ള വണ്ടിയോട്ടത്തില്‍ സംതൃപ്തനാവാന്‍ ഞാന്‍ തീരുമാനിച്ചു.

ആഴ്ച ഒന്നുരണ്ടെണ്ണം പിന്നെയും കഴിഞ്ഞു. ഒരു ദിവസം എനിക്ക്‌ ബ്ലീഡിംഗ്‌ തുടങ്ങി. അതോടുകൂടി എന്റെ നരക യാതനയും ആരംഭിച്ചു. വേദനയും വിമ്മിഷ്ടവും സഹിച്ച നാളുകള്‍. ഓഫീസില്‍ നിന്ന് കൂട്ട അവധി. ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ. അങ്ങിനെയിരുക്കുമ്പോഴാണ്‌ കോഴിചികില്‍സയെപറ്റി വീണ്ടും ഓര്‍ക്കുന്നത്‌. വരുന്നത്‌ വരട്ടേ എന്ന് വിചാരിച്ച്‌ സുഹൃത്തിനെയും കൂട്ടി 'തിടനാട്‌' ലക്ഷ്യമാക്കി യാത്ര തിരിച്ചു.

എറണാകുളത്ത്‌ നിന്ന് പാലായിലേക്കായിരുന്നു ആദ്യ ഘട്ടം. മാണിസ്സാറിന്റെ നാട്‌ ആദ്യമായി കാണുകയായിരുന്നു. 'റബ്ബര്‍ റബ്ബര്‍ സര്‍വ്വത്ര' എന്ന് പറയാന്‍ തോന്നി. റബ്ബര്‍തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള വളവുംതിരിവുമുള്ള റോഡുകള്‍. പാലായില്‍ നിന്ന് ഞങ്ങള്‍ ബ്രാന്‍ഡിയും നാടന്‍ കോഴിയും സംഭരിച്ചു. സുഹൃത്തിനടിക്കാനുള്ളത്‌ വേറെയും. ഈരാട്ടുപേട്ടയായിരുന്നു അടുത്ത ലക്ഷ്യം. ഈരാറ്റുപേട്ടയില്‍ നിന്ന് കാഞ്ഞിരപ്പിള്ളി റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ തിടനാടായി. ഏകദേശം ഒമ്പതര മണിയായി തിടനാടെത്തിയപ്പോള്‍. അവിടെയുള്ള ഗവണ്‍മന്റ്‌ സ്ക്കൂളിനെതിര്‍വശത്താണ്‌ ഈ നാടന്‍ ചികില്‍സാലയം.

വൈദ്യശാല എന്ന ബോര്‍ഡ്‌ പ്രതീക്ഷിച്ച്‌ ഞാന്‍ നോക്കിയപ്പോള്‍ 'റബ്ബര്‍ വ്യാപാരം' എന്നാണ്‌ കണ്ടത്‌. 'ഇതുതന്നെ സ്ഥലം' എന്ന് സുഹൃത്തിന്റെ ഉറപ്പില്‍ ഞാന്‍ വണ്ടി സൈഡിലൊതുക്കി. ഒട്ടനവധി ആളുകള്‍ ആ കടയ്ക്കുമുമ്പില്‍ നില്‍പുണ്ടായിരുന്നു. പലരും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍. നടുവേദന കാരണം ചിലരെ കസേരയില്‍ ഇരുത്തിയാണ്‌ കൊണ്ടുവന്നിരുന്നത്‌. തിരക്കിനിടയിലൂടെ ഞാന്‍ കടയ്ക്കകത്ത്‌ കയറി. ഒരു വൈദ്യരെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങള്‍ക്ക്‌ വിപരീതമായി തടിച്ച്‌ അജാനുബാഹുവായ ഒരാളാണ്‌ ചികില്‍സിക്കുന്നത്‌. ഒരറുപത്‌ വയസ്സ്‌ വരും. ജോര്‍ജ്ജുകുട്ടി എന്നാണ്‌ പേര്‌. ആള്‍ മഹാ ചൂടനാണ്‌. ചില രോഗികളെ ചീത്ത പറയുന്നുണ്ട്‌. വളരെ പരുക്കന്‍ പെരുമാറ്റം. തിരിച്ചുപോയാലോ എന്ന് ഒരുവട്ടം ആലോചിച്ചു.

'എന്താ, എന്തുവേണം?' എന്നോടാണ്‌ ചോദ്യം.

'ഇവിടെ പയില്‍സിന്‌ ചികില്‍സയുണ്ടെന്ന് കേട്ട്‌ വന്നതാണ്‌' ഞാന്‍ വിനീതനായി.

'പയില്‍സിനിവിടെ ചികില്‍സയൊന്നുമില്ല' ഒരുനിമിഷം ഞാനന്തംവിട്ടുപോയി. വന്നത്‌ വെറുതെയായോ എന്ന് ശങ്കിച്ചു.

'നേരെ വീട്ടിലേക്ക്‌ പൊയ്ക്കോ. ഞാനവിടെ വരാം' ജോര്‍ജ്ജുകുട്ടിയുടെ കല്‍പന.

എനിക്കൊന്നും മനസ്സിലായില്ല.

'പുള്ളിക്കാരന്റെ വീട്ടിലാണ്‌ ചികില്‍സ എന്നാണ്‌ ഉദ്ദേശിച്ചത്‌' സുഹൃത്ത്‌ എന്റെ ചെവിയില്‍ പറഞ്ഞു.

'രാവിലെ ഒന്നും കഴിച്ചില്ല. ചികില്‍സക്കുമുമ്പ്‌ ചായകുടിക്കുന്നതില്‍ വിരോധമുണ്ടൊ' ഞാന്‍ ചോദിച്ചു.

'ആര്‍ക്കു വിരോധം? നിങ്ങള്‍ പോയി ഇഷ്ടമുള്ളത്‌ കഴിച്ചിട്ട്‌ വന്നോളൂ. കോഴിയോ, ബീഫോ എന്താന്നുവച്ചാ കഴിച്ചോളൂ' എനിക്കെന്റെ കാതുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല.

കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ്‌ സുഹൃത്ത്‌ എന്നെ പിടിച്ച്‌ വലിച്ച്‌ പുറത്തേക്ക്‌ കൊണ്ടുവന്നു. 'ഒരു ചായ കഴിച്ചിട്ടാവാം ബാക്കികാര്യം' എന്ന് കരുതി അടുത്ത ഹോട്ടലിലേക്ക്‌ ഞങ്ങള്‍ നടന്നു. ചിക്കന്‍ കറി, ചിക്കന്‍ റൊസ്റ്റ്‌, ചിക്കന്‍ ഫ്രൈ എന്നീ കൊതിപ്പിക്കുന്ന വിഭവങ്ങള്‍ ബോര്‍ഡില്‍ വായിച്ചപ്പോള്‍ നാവില്‍ വെള്ളമൂറി. പക്ഷേ ഒന്നും ഓര്‍ഡര്‍ ചെയ്യാനുള്ള ധൈര്യമില്ലായിരുന്നു. ചായ കുടി പുട്ടിലും പയറിലുമൊതുക്കി.

തൊട്ടടുത്ത്‌ തന്നെയാണ്‌ വൈദ്യരുടെ വീട്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍ കുറെ ഓട്ടൊറിക്ഷക്കാര്‍ നാടന്‍ കോഴിയെ സപ്ലൈ ചെയ്യുന്നത്‌ കണ്ടു.

'കോഴിയും മറ്റേതും കൊണ്ടുവന്നിട്ടുണ്ടോ?' ഞങ്ങളെ കണ്ട ഉടനെ ഒരാള്‍ ചോദിച്ചു. ഞാന്‍ വേഗം കാറിന്റെ ഡിക്കി തുറന്ന് അതുരണ്ടും അയാള്‍ക്ക്‌ കൊടുത്തു. ഉടനെ തന്നെ അതുമായി അയാള്‍ അകത്തേക്ക്‌ പോയി.

അരമണിക്കൂര്‍ പിന്നെയും കഴിഞ്ഞു. ഇതിനകം പാലാക്കാട്‌ നിന്നുള്ള എഞ്ചിനീയറെ പരിചയപ്പെട്ടു. മൂപ്പര്‍ രണ്ടാം തവണയാണ്‌ ഇവിടെ വരുന്നത്‌. ഒന്നര വര്‍ഷം മുമ്പാണ്‌ ആദ്യം ചികില്‍സിച്ചത്‌. അതുകൊണ്ട്‌ പയില്‍സ്‌ നിശ്ശേഷം മാറി. പിന്നീട്‌ പഥ്യം തെറ്റിച്ചുവത്രേ. ഇപ്പോള്‍ ചെറിയതായി ഉപദ്രവം തുടങ്ങിയിട്ടുണ്ട്‌.

'എന്തൊക്കെയാണ്‌ പഥ്യം?' ഞാന്‍ ചോദിച്ചു.

'ബ്രാന്‍ഡിയും നാടന്‍ വാറ്റും മാത്രമേ മദ്യമായി കഴിക്കാന്‍ പാടുള്ളൂ. അതാണ്‌ പഥ്യം. നാലുമാസം മുമ്പ്‌ ഞാന്‍ അല്‍പം റമ്മ് കഴിച്ചു. അന്ന് തുടങ്ങിയതാ...'

ഇതുകേട്ട്‌ ഞാന്‍ മറ്റേതോ ലോകത്തിലാണെന്ന് തോന്നി. അല്‍പം കഴിഞ്ഞപ്പോള്‍ വൈദ്യരെത്തി.

'അഞ്ചുപേര്‍ അകത്തേക്ക്‌ വരൂ' വൈദ്യര്‍ കല്‍പിച്ചു.

അഞ്ചുപേരില്‍ ഞാനും ഉള്‍പെട്ടു. സാമാന്യം വലിയ ഒരു മുറിയില്‍ കട്ടിലുകള്‍ നിരത്തിയിട്ടിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം മുറിയുണ്ട്‌. ഒരു കട്ടിലില്‍ ഒരൊരുത്തരെയും ഇരുത്തി. ഇനിയെന്ത്‌ എന്നാലോചിക്കുമ്പോഴേക്കും ഒരു ഗ്ലാസ്‌ നിറയെ ചുവന്ന ദ്രാവകവുമായി വൈദ്യരെത്തി. കോഴിയുടെ ചോരയും ബ്രാന്‍ഡിയും പിന്നെ മറ്റുചില പച്ചിലമരുന്നുകളും ചേര്‍ത്തുണ്ടാക്കിയതാണീ മരുന്നെന്ന് തോന്നുന്നു.

'മൂക്കടച്ചുപിടിച്ച്‌ ഒറ്റവലിക്കകത്താക്കിക്കോളൂ' വൈദ്യര്‍ പറഞ്ഞു. ബ്രാന്‍ഡി 'dry' അടിക്കുന്നത്‌ പോലെ തോന്നി അത്‌ കഴിച്ചപ്പോള്‍. അതിന്റെ മണവും രുചിയും അസഹനീയമാണ്‌.

'ഒരു മണിക്കൂര്‍ ഈ കട്ടിലില്‍ കിടന്നിട്ട്‌ പൊയ്ക്കോളൂ' ഗ്ലാസുമായി തിരികെ നടക്കുമ്പോള്‍ വൈദ്യര്‍ പറഞ്ഞു. ഞാന്‍ കട്ടിലില്‍ കയറിക്കിടന്നു. അഞ്ചുമിനിട്ട്‌ കഴിഞ്ഞപ്പോഴേക്കും കട്ടിലില്‍ കിടന്നവരെല്ലാം കൂര്‍ക്കം വലിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. പതിയെ ഞാനും ഉറക്കത്തിലേക്ക്‌ വഴുതിവീണു.

ഒരു മണിക്കൂറിനു ശേഷം എന്റെ സുഹൃത്ത്‌ വിളിച്ചപ്പോഴാണ്‌ ഉണര്‍ന്നത്‌. അപ്പോഴും 'പറ്റി'റങ്ങിയിട്ടുണ്ടായിരുന്നില്ല. അകത്തെ മുറിയില്‍ നിന്ന് സ്ത്രീകളെ അവരുടെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചാണ്‌ കൊണ്ടുവന്നത്‌. പലരും കുടിയന്മാരെപ്പോലെ ആടുന്നുണ്ടായിരുന്നു. ചിലര്‍ 'കുടിച്ച'തിന്റെ നാണക്കേടുമൂലം തോര്‍ത്തില്‍ മുഖമൊളിപ്പിച്ചു.

'വൈദ്യര്‍ക്ക്‌ ദക്ഷിണ കൊടുക്കണം' സുഹൃത്ത്‌ ഓര്‍മ്മിപ്പിച്ചു.

'അപ്പോള്‍ ചികില്‍സ കഴിഞ്ഞോ?' ഞാന്‍ ചോദിച്ചു.

'ഇത്രയേയുള്ളൂ' സുഹൃത്തിന്റെ മറുപടി

'ദക്ഷിണ എത്ര കൊടുക്കണം'

'നിനക്കിഷ്ടമുള്ളത്‌ കൊടുത്താമതി.' ഞങ്ങള്‍ റബ്ബര്‍ക്കട ലക്ഷ്യമാക്കി നടന്നു. വൈദ്യര്‍ വീണ്ടും ഉഴിച്ചില്‍ നടത്തുകയാണ്‌.

'ഉം, എന്താ വന്നത്‌? ചികില്‍സയൊക്കെ കഴിഞ്ഞു. ഇനി പൊയ്ക്കോ' ഞങ്ങളെ കണ്ടതും വൈദ്യര്‍ തട്ടിക്കയറി. ഞാന്‍ ഒന്നും പറയാതെ ദക്ഷിണ ആ കൈയില്‍ വച്ച്‌ കൊടുത്തു.

'കഴിക്കണ്ടാ എന്ന് വിചാരിച്ചതൊക്കെ കഴിച്ചൊളൂ. പ്രത്യേകിച്ച്‌ ഞണ്ട്‌, ചെമ്മീന്‍ എന്നീ തോടുള്ളവ. കോഴിയും മുട്ടയും പരമാവധി കഴിച്ചോളൂ. അടുത്ത ഇരുപത്‌ ദിവസം ഇതെല്ലാം പരമാവധി കഴിക്കണം. അസുഖം വീണ്ടും വരുത്താന്‍ നോക്കണം. വീണ്ടും അസുഖം വന്നാല്‍ ഒരുപ്രാവശ്യം കൂടി ഇവിടെ വരേണ്ടിവരും. അതിലെല്ലാം മാറിക്കോളും. പിന്നെ ബ്രാന്‍ഡിയും വാറ്റുമല്ലാതെ മറ്റൊന്നും കഴിക്കരുത്‌. ബിയറും കള്ളും ഒട്ടും പാടില്ല, കേട്ടല്ലോ'

ഒരുവിധം ഞാനയാളില്‍നിന്ന് രക്ഷപ്പെട്ടു. വരുന്ന വഴിക്ക്‌ ഹോട്ടലായ ഹോട്ടലൊക്കെ കയറി ചിക്കനും ചെമ്മീനും കഴിച്ചു. ഒരു ഫുള്‍ ബ്രാന്‍ഡിയും തീര്‍ത്തു. രാത്രിയായപ്പോഴേക്കും എറണാകുളത്തെത്തി.

പിറ്റേന്ന് ഞാന്‍ അവധി എടുത്തിരുന്നു. ഒരു മുന്‌കരുതലിനുവേണ്ടി എടുത്തതാണ്‌. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലേന്ന് കാട്ടിക്കൂട്ടിയതിന്റെ റിസല്‍റ്റെന്തായിരിക്കും എന്ന ടെന്‍ഷനിലായിരുന്നു. ബ്രാന്‍ഡിയുടെ പുറത്ത്‌ എന്തൊക്കെയാണ്‌ തിന്നുകൂട്ടിയതെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. അല്‍ഭുതം. ഒന്നും സംഭവിച്ചിട്ടില്ല. ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. കുളികഴിഞ്ഞ്‌ ഞാന്‍ ഓഫീസിലേക്ക്‌ വച്ചുപിടിച്ചു. എനിക്കിപ്പോള്‍ ബൈക്കില്‍ നേരെയിരിക്കാം. ഓഫീസില്‍ ഞാന്‍ ഉച്ചവരെ സീറ്റില്‍ നിന്നെഴുന്നെറ്റില്ല. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമായി.

അന്നുമുതലിന്നുവരെ ബ്രാന്‍ഡിയും വാറ്റുമല്ലാതെ മറ്റൊരു മദ്യവും ഞാന്‍ കഴിച്ചിട്ടില്ല. പയില്‌സിനെപറ്റി ഞാന്‍ മറന്നിരിക്കുന്നു. ഇതിനിടെ എന്റെ ഉപദേശപ്രകാരം രണ്ടുപേര്‍ കൂടി ചികില്‍സകഴിഞ്ഞ്‌ സുഖപ്പെട്ടിരുന്നു.

അതുകൊണ്ട്‌ സഹബ്ലോഗര്‍മാര്‍ക്കായി എന്റെ ഈ അനുഭവകഥ ഞാന്‍ സമര്‍പ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന നമ്പറില്‍ വൈദ്യരെ വിളിക്കാവുന്നതാണ്‌. 04828 236442

Tuesday, August 08, 2006

സഹായഹസ്തങ്ങള്‍

എ.ടി.എമ്മീന്ന് പൈസയെടുത്തിറങ്ങുമ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. കുടയെടുക്കാന്‍ മറന്നതിന്‍ സ്വയം ശപിച്ച് മഴ കഴിയാന്‍ കാ‍ത്തുനിന്നു. അടുത്ത ആഴ്ച സ്കൂള്‍ തുറക്കുകയാണ്‍. കുട്ടികള്‍ക്ക് ബാഗും കുടയും വാങ്ങിച്ചിട്ടില്ല. ഇത്തവണയെങ്കിലും പുതിയ യൂണിഫോം വേണമെന്ന വാശിയിലാണ്‍ രണ്ടുപേരും. മോന്റെ പാന്റിന്റെ ഇറക്കം കുറഞ്ഞ് ബര്‍മൂഡയായി എന്നാണ്‍ പരാതി. ഹൌസിംഗ് ലോണിന്റെ EMI അടക്കേണ്ട സമയമായി. വണ്ടിയുടെ ഇന്‍സ്റ്റാള്‍മെന്റ് ഇത്തവണ മുടങ്ങിയതു തന്നെ. ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റെത്തിയിട്ട് മാസം രണ്ടായി. ഇത്തവണയും മിനിമം ഡ്യൂ അടച്ച് രക്ഷപ്പെടാം. വീടുതാമസത്തിനെടുത്ത പേഴ്സണല്‍ ലോണാണ്‍ കീറാമുട്ടിയായി കിടക്കുന്നത്. പലിശയെത്രയാ അത് തിന്നുതീര്‍ക്കുന്നത്. ഈ മാസമൊന്ന് വട്ടമെത്തിക്കുന്നതെങ്ങിനെയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.

‘സാറേ, എന്താ മുഖത്തൊരു വിഷമം?’ പാന്റും ഷര്‍ട്ടുമിട്ട് സുന്ദരനായ ഒരു ചെറുപ്പക്കാരനാണ്‍ മുമ്പില്‍. ‘ഇവനാരെടാ’ എന്ന മട്ടില്‍ ഞാനൊന്നു നോക്കി. ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ മുഖം. നന്മയുടെ പ്രകാശം ചൊരിയുന്ന കണ്ണുകള്‍. ആ മുഖത്തെന്തൊരു ശാന്തിയും സമാധാനവുമാണ്‍. വല്ലാത്തൊരു വശീകരണ ശക്തിയുണ്ടാ നോട്ടത്തിന്‍.

‘ഒന്നുമില്ല. ആരാ മനസ്സിലായില്ലല്ലോ’

‘സാറിന്റെ മനസ്സിലെന്താണെന്ന് ഞാന്‍ പറയട്ടെ’

ഞാന്‍ ചുറ്റും നോക്കി. ഒളിച്ചുവച്ച ക്യാമറയുമായി വല്ല ‘തരികിട’യുമാണോ എന്നറിയില്ലല്ലോ.

‘ഈ മാസമെങ്ങിനെ തള്ളിനീക്കും എന്നല്ലെ സാറീനിമിഷം ആലോചിച്ചത്’

എന്റെ കണ്ണുതള്ളിപ്പോയി.

‘ഹതേ!! എങ്ങിനെയറിഞ്ഞൂ?’

‘കഷ്ടപ്പെടുന്നവരെ തിരിച്ചറിയുകയാണല്ലോ എന്റെ ധര്‍മ്മം. മുങ്ങിത്താഴുന്നവനെ കൈപിടിച്ചുകയറ്റുക എന്ന നിയോഗമാണ്‍ ഞങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്’

‘ദൈവമേ, പണ്ട് കാവിയുടുത്തവരെല്ലാം ഇപ്പോള്‍ പാന്റും ഷര്‍ട്ടുമിട്ട് എക്സിക്യുട്ടീവായോ’ എന്ന് ഒരു നിമിഷം ചിന്തിച്ചു.

‘ഇനിമുതല്‍ സാറൊറ്റക്കല്ല എന്ന് ധൈര്യമായി വിചാരിച്ചോളൂ. ഏത് പ്രതിസന്ധിയും നമുക്കൊരുമിച്ച് നേരിടാം. ഇതാ ഇവിടെ ഒന്നൊപ്പിടുക മാത്രം മതി’

വലിയൊരു ഫോമിലെ കുനുകുനാ അച്ചടിച്ചിരിക്കുന്ന ചെറിയ അക്ഷരങ്ങളില് നിന്ന് personal loan എന്ന് തപ്പിയെടുക്കാന്‍ എന്റെ കണ്ണുകള്‍ക്ക് പ്രയാസമുണ്ടായില്ല.

കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ ഞാനിറങ്ങിയോടി.