Thursday, January 11, 2007

കിണര്‍ വെള്ളം ചുവന്നപ്പോള്‍

ഇരുമ്പിന്റെ അംശം കൂടി കിണറ്റിലെ വെള്ളം ചുവന്നുവരുന്ന പ്രശ്നം അനുഭവിക്കുന്നവര്‍ക്ക്‍ ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു.
-----------------------------------------------------------------------------

മഴക്കാലം കഴിഞ്ഞതോടുകൂടി കിണറ്റിലെ വെള്ളം കുറയാന്‍ തുടങ്ങി. കഴിഞ്ഞ പ്രാവശ്യത്തെ വേനലിന്‍ രണ്ട് റിംഗ് കൂടി കുഴിച്ചതാണ്‍. അതുകൊണ്ട് ഇത്തവണ വറ്റില്ല എന്നുറപ്പിക്കാം. പക്ഷേ വെള്ളത്തിന്‍ ഒരു നിറവ്യത്യാസമുള്ളതുപോലെ. വെള്ളത്തിനാകമാനം ഒരു മഞ്ഞക്കളറില്ലേ എന്നൊരു സംശയം.മുകളിലൊരു എണ്ണപ്പാടയുമുണ്ട്. സാരമില്ല. തല്‍ക്കാലം വെള്ളം കിട്ടുന്നുണ്ടല്ലോ. ഞാനാ വിഷയം തല്‍ക്കാലത്തേക്ക് വിട്ടു.

രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഭാര്യ പരാതിയുമായെത്തി. വെള്ളത്തിന്‍ ഒരു ചുവപ്പ് നിറം. വെളുത്ത തുണികള്‍ അലക്കിയിട്ട് ‍ വെളുക്കുന്നില്ല. ബക്കറ്റില്‍ പിടിച്ചുവച്ചാല്‍ ഒന്നുരണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്ക് അതിനുമുകളില്‍ ഒരുതരം എണ്ണപ്പാട പ്രത്യക്ഷപ്പെടും. ഫ്ലഷ് സ്റ്റക്കായി വെള്ളം പാഴാവുന്നത് ഒരു സ്ഥിരം സംഭവമായിരിക്കുന്നു. ഫ്ലഷിനകത്തും പൈപ്പുകള്‍ക്കുള്ളിലും ഒരുതരം ചുവന്ന കോട്ടിംഗ് രൂപപ്പെട്ടിരിക്കുന്നു.

എറണാകുളത്തെ നഗര ജീവിതം അവസാനിപ്പിക്കുവാന്‍ ഏറ്റവും പ്രേരകമായത് ജലക്ഷാമവും കൊതുകുകടിയുമായിരുന്നു. ആലുവാപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തിലേക്ക് താമസം മാറ്റുമ്പോഴും വെള്ളത്തിന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ എന്ന് ആശ്വാ‍സമായിരുന്നു മനസ്സില്. എന്നാല്‍ കിണറുകുഴിച്ചപ്പോള്‍ എല്ലാ കണക്കുകൂട്ടലും തെറ്റി. അഞ്ചു റിംഗ് താഴ്ത്തിയപ്പോഴേക്കും നല്ല കണ്ണീരുപോലത്തെ വെള്ളം. അതുകൊണ്ട് ഏഴു റിംഗില്‍ അവസാനിപ്പിച്ചു. പക്ഷേ വേനലായപ്പോഴേയ്ക്കും വെള്ളമെല്ലാം വറ്റി. രണ്ടുറിംഗിറക്കി വീണ്ടും വെള്ളം ലഭിക്കുന്നതു വരെയും അയല്പക്കത്തെ ചാക്കോചേട്ടന്റെ കിണറിനെ ആശ്രയിക്കേണ്ടി വന്നു. ഇത്തവണ അത് വേണ്ടിവരില്ലല്ലോ എന്നാശ്വസിക്കുമ്പോഴാണ്‍ പുതിയ പ്രശ്നം. എന്തായാലും ചാക്കോചേട്ടനോട് തന്നെ ചോദിക്കാമെന്ന് തീരുമാനിച്ചു. എന്തിനും ഏതിനും പരിഹാരം പറഞ്ഞുതരുന്ന ആളാണല്ലോ. ചാക്കോചേട്ടനെ ഈയിടെയായി കാണാറില്ല. പുതിയ കമ്പ്യൂട്ടര്‍ വാങ്ങിയതില്‍ പിന്നെ മൂപ്പര്‍ അതിന്റെ പുറകെയാണ്‍.

പ്രതീക്ഷിച്ചപോലെ ചാക്കോചേട്ടന്‍ ഈ വിഷയത്തിലും ഒരു ജ്ഞാനിയായിരുന്നു. ‘എടാ, ഈ സാധനം വന്നാല്‍ പിന്നെ പോകാന്‍ വിഷമമാണ്‍. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടുമ്പോഴാണ്‍ ചുവന്നുവരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്‍ കൂടുതല്‍ കണ്ടുവരുന്നത്. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് നീ കുറച്ച് വെള്ളം കോര്‍. നിന്റെ പിത്തമൊന്ന് കുറയട്ടെ. പിന്നെ കുറച്ച് ബ്ലീച്ചിംഗ് പൌഡറിട്ടാല്‍ തല്‍ക്കാലം ശമിക്കും പക്ഷേ ഒരാഴ്ചക്കുള്ളില്‍ വീണ്ടും വരും. അപ്പോ പിന്നെയുമിട്ടാല്‍ മതി. അങ്ങനെ വെള്ളം കോരിയും ബ്ലീച്ച് ചെയ്തും വെള്ളം കുടിച്ചുകൊണ്ടിരുന്നോ. ഇനി ഇതൊന്നും ചെയ്യാന്‍ പറ്റില്ലാന്നുണ്ടെങ്കില്‍ ഒരു ഫില്‍റ്റര്‍ വാങ്ങാന്‍ കിട്ടും. പതിനായിരം രൂപയാകും. ഏതുവേണമെന്ന് തീരുമാനിച്ചോ..’

മാസാവസാനമാവാറായപ്പോഴാണ്‍ പതിനായിരത്തിന്റെ കണക്ക് പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് നിന്ന് ഊറ്ജ്ജം സംഭരിച്ച് ജീവിച്ച് പോകുന്ന സമയത്താണ്‍ പതിനായിരത്തിന്റെ കഥ പറയുന്നത്. അതിലും ഭേദം വെള്ളം കോരുക തന്നെ.

അന്നുതന്നെ ബ്ലീച്ചിംഗ് പൌഡര്‍ വാങ്ങി കിണറ്റില്‍ തൂവി. പിറ്റേന്ന് നോക്കിയപ്പോള്‍ നല്ല തെളിഞ്ഞ ജലം. ചാക്കോചേട്ടന്‍ മനസ്സില്‍ നന്ദി പറഞ്ഞു. നാലഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും കിണറ്റില്‍ വീണ്ടും എണ്ണപ്പാട കണ്ടു തുടങ്ങി. ഒരാഴ്ചയ്ക്കുള്ളില്‍ വെള്ളം വീണ്ടും ചുവന്നു. വീണ്ടും ബ്ലീച്ചിംഗ് പൌഡര്‍ തന്നെ ശരണം.

പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങി. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ചാല്‍ അതിന്റെ ചുവ മാറുവാന്‍ ഒരു ദിവസമെങ്കിലും എടുക്കും. അതുവരെ ചാക്കോചേട്ടന്റെ കിണര്‍ തന്നെ ശരണം. വെള്ളപ്രശ്നം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങി.

പിറ്റെന്ന് ചാക്കോചേട്ടനെ കണ്ടു. സായാഹ്നസവാരി കഴിഞ്ഞിട്ടുള്ള വരവാണ്‍.
‘എടാ, ഞാന്‍ നിന്നെ കാണാനിരിക്കുകയായിരുന്നു. നിന്റെ വെള്ളപ്രശ്നത്തിന് ഒരു ചെറിയ പരിഹാരമുണ്ട്. നീ വാ’
ഞാന്‍ ഉത്സാഹത്തോടെ കൂടെ ചെന്നു. വീട്ടിലെത്തിയ ഉടനെ തന്നെ ചാക്കൊചേട്ടന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. എന്റെ വെള്ളപ്രശ്നത്തിനെ കുറിച്ച് ചാക്കോചേട്ടന്‍ ഒരു റിസര്‍ച്ച് തന്നെ നടത്തിയിരിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് പരമാവധി കാര്യങ്ങള്‍ ആശാന്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നു.
‘എടാ, ഇതില്‍ പറയുന്നത് വെള്ളം ചുവപ്പിക്കുന്നത് ഒരുതരം ബാക്ടീരിയ ആണെന്നാണ്‍. ഇരുമ്പിന്റെ അംശം കൂടുതലുള്ള വെള്ളത്തിലേ ഇത് വളരൂ. മാത്രമല്ല ഇത് Anaerobic bacteria ആണ്‍. അതായത് ഓക്സിജന്‍ ഇല്ലാത്തതോ കുറവായതോ ആയ സാഹചര്യത്തിലേ ഇത് വളരൂ. അതുകൊണ്ടാണ്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രം ഇത് വളരുന്നത്. മഴവെള്ളത്തില്‍ ഓക്സിജന്‍ കൂടുതലുള്ളതുകൊണ്ടാണ്‍ മഴക്കാലത്ത് ഇതിനെ കാണാത്തത്. കിണര്‍ കുഴിക്കാനുപയോഗിക്കുന്ന ആയുധങ്ങളില്‍ കൂടി ഇത് പകരാം. മിക്കവാറും രണ്ടാമത് റിംഗ് ഇറക്കിയപ്പോള്‍ കിട്ടിയതാകാനേ വഴിയുള്ളൂ.’

‘എന്താ ചേട്ടാ പരിഹാരമുണ്ടെന്ന് പറഞ്ഞത്?’

‘കിടന്ന് ചാടാതെ. ഇവന്മാര്‍ പറയുന്ന പരിഹാരം നീയിപ്പോള്‍ ചെയ്യുന്നതാണ്‍. ബ്ലീച്ചിംഗ് പൌഡര്‍ അഥവാ ക്ലോറിന്‍ ഉപയോഗിക്കല്‍. പക്ഷേ എനിക്കൊരു ഐഡിയ ഉണ്ട്. നീയാ ഓക്സിജന്റെ കാര്യം പറഞ്ഞത് ശ്രദ്ധിച്ചോ? വെള്ളത്തിലെ ഓക്സിജന്റെ അളവ് കൂട്ടിയാല്‍ ഈ ബാക്ടീരിയ നശിച്ച് പോകും. നീ വെള്ളം കോരുമ്പോള്‍ സംഭവിക്കുന്നതും അതാണ്‍. വെള്ളത്തിന്റെ ചലനം കാരണം വായുവിലെ ഓക്സിജന്‍ കൂടുതല്‍ വെള്ളത്തിലലിയും. രണ്ട് വഴിയാണ്‍ എന്റെ മനസ്സില്‍. ഒന്ന്, നിന്റെ കിണറ്റിനുമുകളില്‍ ഒരു ചെറിയ ഫൌണ്ടന്‍ വയ്ക്കുക. ഇത് ചിലവേറിയതാണ്‍. രണ്ടാമത്തെത് വളരെ ചെറിയ കാര്യമാണ്‍. ഒരു അക്വേറിയം പമ്പ് സംഘടിപ്പിക്കുക. എന്നിട്ട് കിണറ്റില്‍ ഫിറ്റ് ചെയ്യുക. ചിലവും കുറവ്.3 watt കറന്റെ മാത്രമേ അതെടുക്കൂ.‘

‘അക്വേറിയം പമ്പ് മതിയേ’ ഞാനാര്‍ത്തു വിളിച്ചു. പതിനായിരം രൂപയ്ക്കു പകരം 120 രൂപയുടെ അക്വേറിയം പമ്പ് മതിയെങ്കില്‍ അതല്ലെ നല്ലത്. അക്വേറിയം പമ്പ് വാങ്ങലും ഫിറ്റുചെയ്യലും പെട്ടെന്ന് തന്നെ കഴിഞ്ഞു. തുടക്കമെന്ന നിലയില്‍ ബ്ലീച്ചിംഗ് പൌഡര്‍ ഇട്ടു. എന്നിട്ട് അക്വേറിയം പമ്പ് ഓണ്‍ ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും എണ്ണപ്പാടയുടെ ലക്ഷണം കാണാനില്ല. പത്ത് ദീവസം കഴിഞ്ഞപ്പോഴാണ്‍ എണ്ണപ്പാട ചെറുതായി കണ്ടുതുടങ്ങിയത്. അന്നുതന്നെ ബ്ലീച്ചിംഗ് പൌഡര്‍ വീണ്ടും ഇട്ടു. അതും സാധാരണ ഉപയോഗിക്കുന്നതിന്റെ നാലിലൊന്ന് മാത്രം. സംഗതി സക്സ്സ്.
വിവരങ്ങളറിഞ്ഞപ്പോള്‍ ചാക്കോചേട്ടന്‍ പറഞ്ഞു. ‘ ചിലപ്പോള്‍ ഒരു പമ്പ് കൂടി വച്ചാല്‍ കുറച്ചുകൂടി നന്നാകും’.

‘അതൊക്കെ അടുത്ത മാസം ശമ്പളം കിട്ടിയിട്ട്’ ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപ്പെട്ട പ്രതീതിയായിരുന്നു എനിക്ക്.



അക്വേറിയം പമ്പ് ഫിറ്റ് ചെയ്തിട്ട് ഇപ്പോള്‍ ഒന്നര മാസമാകുന്നു. ബ്ലീച്ചിംഗ് പൌഡര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഉപയോഗിക്കും. രണ്ടാമതൊരു പമ്പ് വാങ്ങിക്കുവാന്‍ എനിക്കിനിയും സാധിച്ചിട്ടില്ല.

21 Comments:

Blogger evuraan said...

നല്ല ലേഖനം, ഒത്തിരി ഉപയോഗപ്രദമായ ചെറുവിദ്യ‌‌‌യും. ഇനിയും ഇത്തരം ഹാ‍ക്കുകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍..!

January 11, 2007 7:45 PM  
Blogger Unknown said...

നന്ദി സഹയാത്രികാ,
വീട്ടിലെ കിണറ്റുവെള്ളത്തിനും വേനലാവുമ്പോള്‍ ഈ പ്രശ്നം കാണുന്നുണ്ട്. aeration പല രീതിയിലും നടത്തിനോക്കിയിട്ടുണ്ട്. ഇനി അക്വേറിയം പമ്പ് ഉപയോഗിച്ചു നോക്കിയിട്ടുതന്നെ കാര്യം.
ചാക്കോചേട്ടന്‍ ആളോരു നരിയാണല്ലോ.

January 11, 2007 8:22 PM  
Blogger സു | Su said...

ഇങ്ങനെ ഒരു പ്രശ്നം ഇല്ലെങ്കിലും, ഉണ്ടായാല്‍ എന്തുചെയ്യണം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. നന്ദി. ആരെങ്കിലും ഈ പ്രശ്നം പറഞ്ഞാല്‍, ഇതൊക്കെ നിര്‍ദ്ദേശിക്കാമല്ലോ. :)

January 11, 2007 8:32 PM  
Blogger മുല്ലപ്പൂ said...

സഹയാത്രികാ,
ഇതൊരു വല്യസഹായം തന്നെ.
എന്റെ നാട്ടിലെ വീട്ടില്‍ ഈ പ്രശ്നം ഉണ്ട്.
ഇത്ര ചെറിയ ഒരു പണികൊണ്ടു അതിനൊരു പ്രതിവിധി.

നന്ദി.

January 11, 2007 8:47 PM  
Blogger Mubarak Merchant said...

സഹയാത്രികാ,
ഇത് ഉഗ്രനായി.
ഇതുപോലെ ഉപകാരപ്രദമായ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

January 11, 2007 9:03 PM  
Blogger Peelikkutty!!!!! said...

കൊള്ളാലോ!

January 11, 2007 10:01 PM  
Blogger Siju | സിജു said...

എന്റെ വീട്ടിലെ കിണറ്റിലും ഈ പ്രശ്നം ഉണ്ട്. കിണര്‍ വറ്റിക്കാന്‍ വന്നവര്‍ പണ്ട് സമാനമെങ്കിലും ചിലവ് കൂടിയ വേറോരു പ്രതിവിധി പറഞ്ഞിരുന്നു. ഇതിന്റെ ശാസ്ത്രീയ വശം ഇപ്പോഴാണ് മനസ്സിലായത്.
പൈപ്പ് വെള്ളം കിട്ടിയതു കൊണ്ട് അതിപ്പോ ക്ര്‌ഷിയ്ക്കു മാത്രമാണ് ഉപയോഗിക്കുന്നത്
നല്ല ലേഖനം
പറഞ്ഞ പോലെ ആലുവയിലെവിടെയാ..

January 11, 2007 11:25 PM  
Blogger ibnu subair said...

a great Indian rural technology, very usefull

January 12, 2007 4:00 AM  
Blogger sahayaathrikan said...

കുടിവെള്ളപ്രശ്നമായതുകൊണ്ടാണ്‍ പെട്ടെന്ന് തന്നെ ഒരു പോസ്റ്റ് ഇടാമെന്ന് വച്ചത്. അക്വേറിയം പമ്പ് ടെക്നോളജി പരീക്ഷിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

January 13, 2007 9:36 AM  
Blogger മന്‍സു said...

ഐഡിയ കൊള്ളാം
പല വീട്ടിലും ഉള്ള പ്രശ്നമാണ്‍
പരീക്ഷിക്കാലോ

February 10, 2007 10:46 PM  
Blogger ബയാന്‍ said...

വെള്ളം തെളിഞ്ഞപ്പോള്‍ സഹയാത്രികനെ കിണറ്റില്‍ കാണുന്നുണ്ടു, ഒരു കൈ സഹായം ?..

February 10, 2007 11:09 PM  
Blogger sahayaathrikan said...

http://aniladitya.blogspot.com/

yevanum thudangi oru blog...

February 08, 2008 8:17 AM  
Blogger keralafarmer said...

എന്റെ കിണറ്റിലെ വെള്ളം വേനല്‍ക്കാലത്ത് പായലുകാരണം പച്ചയാകും, പുളിരസവും ഉണ്ടാവും. കുമ്മായം വാങ്ങി ഇടണമെന്നുണ്ട്. അതിനും സമയം കിട്ടിയില്ല. മഴ തല്കാലം രക്ഷിക്കുന്നു.

November 08, 2014 10:12 PM  
Blogger Unknown said...

വളരെ നല്ല ലേഘനം.വളരെ ഉപകാരപ്രദം.ആസ്വദിച്ചാണ് വായിച്ചത്.

May 09, 2016 7:43 AM  
Blogger Unknown said...

വളരെ നല്ല ലേഘനം.വളരെ ഉപകാരപ്രദം.ആസ്വദിച്ചാണ് വായിച്ചത്.

May 09, 2016 7:44 AM  
Blogger reghuthalikuzhy said...

എന്റെ പ്രശ്നം കുഴല്‍ കിണര്‍ വെള്ളം എങ്ങിനെ ഓരില്ലാതെയാക്കാം എന്നതാണ്. അവിടെ അക്വേറിയം പമ്പ് പ്രായോഗികമല്ലല്ലോ? പക്ഷെ ഞാന്‍ കംപ്രസ്സര്‍ പമ്പാണ് ഉപയോഗിക്കുന്നത്. അതിനാല്‍ എയര്‍ ധാരാളം മിക്സ് ചെയ്യുന്നുണ്ടാവുമല്ലോ? എന്നിട്ടും ഓരടിഞ്ഞു കൃഷിക്ക് പോലും പര്യാപ്തമല്ലാത്ത വെള്ളമായിപ്പോകുന്നപോലെ. പ്രിതിവിധിക്കായി നെറ്റില്‍ തിരയുംപോഴാണ് ഈ പോസ്റ്റ് കാണാന്‍ ഇടയായത്. എന്തെങ്കിലും മാര്‍ഗ്ഗം അറിയുന്നവര്‍ സഹായിക്കുമോ?

March 18, 2018 2:22 PM  
Blogger Rajagopal said...

100 % ok വളരെm ന്ദി

March 20, 2019 10:21 PM  
Blogger Admin said...

valare nanni

June 09, 2019 1:29 AM  
Blogger Unknown said...

എന്റെ വീട്ടിലെ കിണറിൽ നിന്ന് വെള്ളം കോരി എടുക്കാതിരുനാൽ വെള്ളത്തിനു മുകളിലായി പച്ച നിറം കാണുന്ന്, വെള്ളം കോരിയാൽ ക്ളിയറാകുശനു, രുചി വ്യത്യാസമില്ല, ഇത് ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത്

December 23, 2019 9:35 PM  
Blogger Unknown said...

ബ്ലീച്ചിംഗ് പൗഡർ എങ്ങനെയാണ് ഉപയോഗിച്ചത്? വെള്ളത്തിൽ കലക്കി തെളിയാണോ ഒഴിച്ചത്? എന്തുമാത്രം ഉപയോഗിച്ചു? വെള്ളം തെളിഞ്ഞു കിട്ടിയോ?

February 10, 2020 1:22 AM  
Blogger Unknown said...

Pump പിടിപ്പിക്കുന്നത് എങ്ങിനെ ആണ്?

January 06, 2022 1:43 AM  

Post a Comment

<< Home